ചൂട് കടുത്തു; കുവൈത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റിക്കോര്‍ഡില്‍
പ്രതിദിന ഉപഭോഗം 15,903 മെഗാവാട്ടും പിന്നിട്ടു
കുവൈത്തിൽ താപനില 48 ഡിഗ്രി കഴിഞ്ഞതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതായി റിപ്പോർട്ട്.കഴിഞ്ഞ ദിവസം രാജ്യത്തെ വൈദ്യതി ഉപയോഗത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി.15,903 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിൽ ഉപയോഗിക്കപ്പെട്ടത്.
രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന ഉപഭോഗം രോഖപ്പെടുത്തുന്നത്. കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ താപനില 52 ഡിഗ്രിയിലെത്താൻ സാധ്യതയുള്ളതിനാൽ ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവാണ് വൈദ്യുതി, ജല മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
വേനലില്‍ ഉയര്‍ന്ന ഉപഭോഗം ജല- വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന സൂചികയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട് .
കനത്ത ചൂടിൽ എയർകണ്ടീഷണറുകൾ കൂടുതലായി പ്രവർത്തിപ്പിക്കുന്നതാണ് ഉപഭോഗം ഉയരാൻ കാരണം.എന്നാല്‍ വൈദ്യതി പ്രതിസന്ധി മറികടക്കാന്‍ ഗൾഫ് ഇന്റർകണക്ഷൻ ഉപയോഗിക്കുമെന്നാണ് സൂചനകള്‍. അതിനിടെ പൊതു ജനങ്ങള്‍ മന്ത്രാലയവുമായി സഹകരിക്കണമെന്നും, ഉയർന്ന ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും, ഊർജകാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി.
Adjust Story Font
16