കുവൈത്തിലെ ദേവാലയങ്ങളിൽ വിശുദ്ധ വാരത്തിന് തുടക്കമായി
യേശുക്രിസ്തു നടത്തിയ ജറൂസലം പ്രവേശന ഓർമ്മയിൽ കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി. കുവൈത്ത് മഹാ ഇടവകയുടെ ദേവാലയങ്ങളായ നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവടങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ ഭദ്രാസനാധിപൻ, അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത കാർമികത്വം വഹിച്ചു.
സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓശാന ശുശ്രുഷകൾക്ക് എബി മട്ടക്കൽ മുഖ്യകാർമികത്വം വഹിച്ചു. പള്ളികളിൽ പ്രത്യേക പ്രാർഥനകളിലും കുരുത്തോല വഹിച്ചുള്ള പ്രദിക്ഷണത്തിലും നൂറുക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് പോയതിന്റെ ഓർമ പുതുക്കിയാണ് ക്രൈസ്തവർ ഓശാന ആഘോഷിക്കുന്നത്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും. ഉയിർപ്പ് ഞായറോടെ പ്രത്യേക നോമ്പിനും സമാപനമാകും.
Adjust Story Font
16