അനധികൃത റിക്രൂട്ടിങ് സംഘത്തിലെ പ്രധാനി മുംബൈയിൽ പിടിയിലായതായി റിപ്പോർട്ട്
കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃതമായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാനിയെന്നു സംശയിക്കുന്നയാൾ മുംബൈയിൽ പിടിയിലായതായി റിപ്പോർട്ട്. മുഷ്താഖ് എന്ന പേരിലറിയപ്പെടുന്ന ജമീൽ പിക്ച്ചർ വാലയാണ് ഡൽഹി എയർ പോർട്ട് പൊലീസിന്റെ പിടിയിലായത്.
ജൂൺ ആറിന് കുവൈത്തിൽ എത്തിയ രവി രമേശ് ഭായി ചൗധരി എന്നയാളെ വിസ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചയച്ചിരുന്നു. കുവൈത്ത് എയർവെയ്സ് വിമാനത്തിൽ ഡൽഹിയിൽ എത്തിയ ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വ്യാജ വിസ റാക്കറ്റിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
അന്വേഷണത്തിൽ രവിയുടെ കൈവശം രണ്ടു പാസ്‌പ്പോർട്ടുകൾ ഉണ്ടായിരുന്നതായും വിസ വ്യാജമാണെന്നും കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മുഷ്താഖ് അറസ്റ്റിലായത്.
സംഘത്തിലെ പ്രധാനിയെന്നു സംശയിക്കുന്ന ഇയാളെ മുംബൈയിൽനിന്നാണ് പിടികൂടിയതെന്ന് ഐ.ജി.ഐ ഡി.സി.പി തനു ശർമ പറഞ്ഞു. സഹായികളായ നാരായൺഭായ് ചൗധരി, സാക്കിർ യൂസഫ് ഷെയ്ഖ് എന്നിവരുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ വിസയും പാസ്സ്‌പോർട്ടും നിർമ്മിച്ചു നൽകുകയും ആളുകളിൽനിന്ന് പണമീടാക്കി വിദേശരാജ്യങ്ങളിലേക്ക് അയക്കുകയുമായിരുന്നു ഇവരുടെ രീതി.
മുഷ്താഖിന് ഫോട്ടോയും ഒപ്പും വാട്‌സാപ്പ് വഴി അയച്ചു നൽകിയതായും പതിനഞ്ചു ലക്ഷം രൂപ അഡ്വാൻസ് നൽകിയതായും രവി ചൗധരി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. വ്യാജ വിസയിൽ നെതർലണ്ടിലേക്കും പിന്നീട് മെക്‌സിക്കോ വഴി അമേരിക്കയിലേകക്കും പോകാനായിരുന്നു ഇയാളുടെ പ്ലാൻ. രവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് രഹസ്യ വിവരത്തെ തുടർന്ന് മുംബൈയിൽ എത്തിയാണ് മുഷ്താഖിനെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി ഐ.ജി.ഐ പൊലീസ് അറിയിച്ചു.
Adjust Story Font
16