ഈജിപ്തുകാരുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന വാർത്ത വ്യാജം
കുവൈത്തിൽ ഈജിപ്തുകാരുടെ സേവനങ്ങൾ അവസാനിപ്പിക്കുന്ന വാർത്ത നിഷേധിച്ച് ഈജിപ്ഷ്യൻ മാനവശേഷി മന്ത്രി ഹസൻ ഷെഹാത. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഗൾഫ് രാജ്യങ്ങൾ ഈജിപ്ഷ്യൻകാർക്ക് യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി.
നയതന്ത്രതലത്തിൽ മികച്ച സൗഹൃദ ബന്ധമാണ് കുവൈത്തുമായുള്ളതെന്ന് ഹസൻ ഷെഹാത പറഞ്ഞു. നേരത്തെ വിദേശി തൊഴിലാളികൾക്ക് മിനിമം ശമ്പളം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച നിബന്ധനകളെ തുടർന്ന് താൽക്കാലികമായി ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക്‌വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചിരുന്നു.
കഴിഞ്ഞ സെപ്തംബർ മാസമാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ രാജ്യത്ത് കഴിയുന്നവർക്ക് പുറത്തേക്ക് പോകുന്നതിണോ കുവൈത്തിൽ താമസ അനുമതിയുള്ള ഈജിപ്ഷ്യൻ പൗരന്മാർക്ക് തിരിച്ച് വരുന്നതിനോ തടസ്സങ്ങൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശി സമൂഹമാണ് ഈജിപ്തുകാർ. നിലവിൽ വിദേശികൾക്ക് സന്ദർശന വിസയിലും കുടുംബ വിസ അനുവദിക്കുന്നതിലും കർശന നിയന്ത്രണമാണുള്ളത്.
Adjust Story Font
16