കുവൈത്തിൽ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കുവൈത്ത് അമീറിന് മുമ്പാകെയാണ് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുവൈത്ത് അമീറിന് മുമ്പാകെയാണ് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം പ്രധാനമന്ത്രിയും അതിനു പിറകെ മറ്റു മന്ത്രിമാരും എന്ന നിലയിലാണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. തുടർന്ന് അമീറിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ പ്രത്യേക മന്ത്രിസഭ യോഗം ചേർന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെ അമീർ അഭിനന്ദിച്ചു. വലിയ ഉത്തരവാദിത്തമാണെന്ന് ഏറ്റെടുത്തിരിക്കുന്നതെന്നു ഓർമിപ്പിച്ച അമീർ മാതൃരാജ്യത്തെയും പൗരന്മാരെയും താമസക്കാരെയും സേവിക്കുന്നതിൽ ഏവരും വിജയിക്കട്ടെയെന്ന് ആശംസിച്ചു. വികസന പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്താനും, ഫയലുകൾ, പ്രശ്‌നങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പരിഹരിക്കാനും, ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സമ്പ്രദായവും വികസിപ്പിക്കാനും അമീർ ആവശ്യപ്പെട്ടു.
ഏപ്രിൽ നാലിന് നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ മുൻ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് സാലിം അസ്സബാഹ് സർക്കാറിന്റെ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് ശൈഖ് അഹമ്മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹിനെ അമീർ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. രാജ്യത്തെ 46 മത് കാബിനറ്റാണ് ഇന്ന് നിലവിൽ വന്നത്.
Adjust Story Font
16