കുവൈത്തിലെ പൊതുമാപ്പ്; ആദ്യ രണ്ട് ദിനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചത് ആയിരക്കണക്കിന് പേര്‍
അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കിയാണ് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്
കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതു മാപ്പ് പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് പ്രവാസികള്‍. വരും ദിവസങ്ങളില്‍ അപേക്ഷകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. കുവൈത്തിലെ വിവിധ റസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഇതിനായി അപേക്ഷകള്‍ സ്വീകരിക്കാനുള്ള നടപടികള്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ചിരുന്നു.
അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കിയാണ് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പ് ജൂണ്‍ 17ന് അവസാനിക്കും.
നിയമലംഘകര്‍ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്തേക്കു വരാന്‍ കഴിയും. പൊതുമാപ്പ് കാലയളവില്‍ പിഴ അടച്ച് രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാര്‍ പിഴ അടയ്‌ക്കേണ്ടിവരും.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് യാത്രാ വിലക്കു നേരിടുന്നവര്‍ക്ക് കേസില്‍ തീര്‍പ്പുണ്ടായാല്‍ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ. ഇതിന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സില്‍ നിന്ന് പ്രത്യക അനുമതി എടുത്തിരിക്കണം.
2020 ഏപ്രിലിലാണ് ഏറ്റവും ഒടുവില്‍ പൊതുമാപ്പ് അനുവദിച്ചത്. പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും.
Adjust Story Font
16