കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും പരിശോധന കർശനമാക്കി വാണിജ്യ മന്ത്രാലയം
മന്ത്രാലയത്തിലെ വിലനിർണയ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും കർശന പരിശോധനയുമായി വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിലെ വിലനിർണയ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഷുവൈഖ് മേഖലയിലെ മൊത്തവ്യാപാര വിപണികളിലാണ് ഫീൽഡ് സംഘം പരിശോധന നടത്തിയത്. വിപണിയിലെ അവശ്യവസ്തുക്കളുടെയും ഭക്ഷ്യ ഉത്പന്നങ്ങളുടെയും വില നിലവാരം നിരീക്ഷിക്കുവാനും കൃത്രിമ വിലവർധന തടയുവാനുമാണ് ഇൻസ്‌പെക്ഷൻ ടീമുകൾ പരിശോധന നടത്തുന്നതെന്ന് അൽ അൻസാരി പറഞ്ഞു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വ്യക്തമാക്കിയ ഫൈസൽ അൽ അൻസാരി നിയമം ലംഘിക്കുന്നവരെ കൊമേഴ്‌സ്യൽ പ്രോസിക്യൂട്ടർക്ക് കൈമാറുമെന്ന് അറിയിച്ചു. വിൽപനക്ക് പ്രദർശിപ്പിച്ച ഉൽപന്നങ്ങളിൽ പ്രൈസ് ടാഗുകളും സ്റ്റിക്കറുകളുമുണ്ടെന്ന് ഉറപ്പുവരുത്തും. നേരത്തെ രാജ്യത്ത് കൃത്രിമ വില വർധനവ് സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കാൻ വാണിജ്യ മന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റിയും രുപീകരിച്ചു. വിലവർധനവുമായി ബന്ധപ്പെട്ട പരാതികൾ 135 എന്ന ഹോട്ട്ലൈൻ വഴിയോ 55135135 വാട്ട്സ്ആപ്പ് വഴിയോ പൊതുജനങ്ങൾക്ക് സമർപ്പിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
Adjust Story Font
16