Quantcast

അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് കുവൈത്തിൽ വിപുലമായ ഗതാഗത ക്രമീകരണമൊരുക്കി ആഭ്യന്തര മന്ത്രാലയം

അവധി കഴിഞ്ഞ് സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ഗതാഗത തിരക്ക് രൂക്ഷമാകുന്നതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    7 Sep 2024 6:17 PM GMT

അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് കുവൈത്തിൽ വിപുലമായ ഗതാഗത ക്രമീകരണമൊരുക്കി ആഭ്യന്തര മന്ത്രാലയം
X

കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കുവൈത്തിൽ വിപുലമായ ഗതാഗത ക്രമീകരണം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം. അവധി കഴിഞ്ഞ് സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ഗതാഗത തിരക്ക് രൂക്ഷമാകുന്നതിനെ തുടർന്നാണ് നടപടി. രാജ്യത്ത് ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ആവശ്യമായ നടപടികൾ സ്വീകരിക്കും.

ഗതാഗത തിരക്ക് നിരീക്ഷിക്കാൻ 150 ട്രാഫിക് പട്രോളിംഗ് വാഹനങ്ങൾ, 100 റെസ്‌ക്യൂ പട്രോളിംഗ് വാഹനങ്ങൾ, 26 മോട്ടോർ സൈക്കിളുകൾ എന്നിവ രാജ്യത്തുടനീളമായി വിന്യസിക്കും. ഗതാഗതം സുഗമമാക്കുന്നതിന് ഹൈവേകളിലും, റോഡുകളുടെ പ്രവേശന കവാടങ്ങളിലും, എക്‌സിറ്റുകളിലും, സ്‌കൂളുകൾക്ക് സമീപവും ആവശ്യത്തിന് പെട്രോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചതായി ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-എസ്സ പറഞ്ഞു. തിരക്ക് കുറയ്ക്കുന്നതിൻറെ ഭാഗമായി കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളുമായി ചേർന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് പ്രവർത്തിക്കും.

സ്‌കൂൾ പ്രവേശന കവാടത്തിന് മുന്നിൽ കുട്ടികളെ നേരിട്ട് ഇറക്കിവിടരുത്. ഇത് റോഡ് തടസ്സപ്പെടുത്തുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യും. ഗതാഗതം സുഗമമാക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവും ഒഴിവാക്കാനും രക്ഷിതാക്കളോടും ഡ്രൈവർമാരോടും നേരത്തെ തന്നെ സ്‌കൂളിൽ എത്തുവാൻ അദ്ദേഹം അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളുടെ ട്രാൻസ്‌പ്പോട്ടേഷനായി 1,500 ബസുകൾ വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ബസുകൾ ഉപയോഗിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കുമെന്നും അൽ-എസ്സ പറഞ്ഞു.

TAGS :

Next Story