യു.എൻ ഇ-ഗവൺമെന്റ് വികസന സൂചിക; ആഗോള തലത്തിൽ കുവൈത്തിന് 66ാം സ്ഥാനം
ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയാണ് മികച്ച നേട്ടം കൈവരിച്ചത്
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് വികസന സൂചികയിൽ കുവൈത്തിന് 66ാം സ്ഥാനം. 2022-ൽ 61-ാം സ്ഥാനത്തായിരുന്ന രാജ്യം 5 സ്ഥാനങ്ങൾ താഴ്ന്നാണ് 66ാം സ്ഥാനത്തെത്തിയത്. സൗദി അറേബ്യയാണ് ഈ സൂചികയിൽ മുന്നേറ്റം നടത്തിയത്. 2022-ൽ 31-ാം സ്ഥാനത്തായിരുന്ന രാജ്യം 2024-ൽ 6-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇതോടെ ലോകത്തിലെ മികച്ച 10 രാജ്യങ്ങളുടെ പട്ടിയിൽ സൗദി ഇടം നേടി. ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയ്ക്ക് പിന്നാലെ യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവരാണ്. യുഎഇ 11-ാം സ്ഥാനത്തും ബഹ്റൈൻ 18-ാം സ്ഥാനത്തുമാണ്. ഒമാൻ 41-ാം സ്ഥാനവും ഖത്തർ 53-ാം സ്ഥാനവും നേടി. ഡെൻമാർക്കാണ് ഈ സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്. ഈസ്റ്റോണിയ രണ്ടും, സിംഗപ്പൂർ മൂന്നും, ദക്ഷിണ കൊറിയ നാലും, ഐസ്ലാൻഡ് അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ടെലികമ്മ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യ സൂചികയിൽ കുവൈത്ത് വളരെ ഉയർന്ന വിഭാഗത്തിലാണ്. ഇന്റർനെറ്റ് സേവന സൂചികയിലും ഹ്യുമൺ ക്യാപിറ്റിൽ സൂചികയിലും ഉയർന്ന റേറ്റിംഗ് നേടിയിട്ടുണ്ട്. കുവൈത്തിലെ ഡിജിറ്റൽ പരിവർത്തനങ്ങൾ സമ്പദ്വ്യവസ്ഥ വൈവിധ്യവൽക്കരിക്കാനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്താനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ്. ടെലികമ്മ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യ മേഖലയിലെ കുവൈത്തിന്റെ മികച്ച പ്രകടനത്തെ റിപ്പോർട്ട് പ്രശംസിച്ചു. ഓൺലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തുകയും മാനുഷിക മൂലധനം വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇ-ഗവൺമെന്റ് മേഖലയിലെ കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായിച്ചു.
Adjust Story Font
16