'ഫലസ്തീനിയൻ പ്രശ്‌നത്തെ യു.എൻ അംഗരാജ്യങ്ങൾ ഇരട്ടത്താപ്പോടെ കൈകാര്യം ചെയ്യുന്നു': കുവൈത്ത്
അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ ആക്രമണത്തെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് യു.എന്‍ കുവൈത്ത് സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായി
ഇസ്രായേൽ അധിനിവേശത്തെയും ആക്രമണത്തെയും രൂക്ഷമായി വിമര്‍ശിച്ച് കുവൈത്ത്. ഫലസ്തീനിയൻ പ്രശ്‌നത്തെ യു.എൻ അംഗരാജ്യങ്ങൾ ഇരട്ടത്താപ്പോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടാത്തത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമെന്നും യു.എന്‍ കുവൈത്ത് സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായി പറഞ്ഞു.
നിയമത്തിന് അതീതരാണെന്ന മട്ടിലാണ് ഇസ്രായേൽ നടപടികളെന്നും അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ ആക്രമണത്തെ കണ്ടില്ലെന്നു നടിക്കുകയാണെന്നും താരിഖ് അൽ ബന്നായി കൂട്ടിച്ചേർത്തു. ഫലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എല്ലാ അന്തരാഷ്ട്ര നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും വരെ ആക്രമണത്തിന് ഇരയാകുന്നത്. ഫലസ്തീൻ ജനതയുടെ ദുഃഖവും നഷ്ടങ്ങളും ആരും ഏറ്റെടുക്കുന്നില്ല.അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെതിരെ ശക്തമായ നിലപാടെടുക്കണം. അധിനിവേശത്തിനെതിരെ മൗനം പാലിക്കുന്നവർ അവർ ചെയ്യുന്ന ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. കിഴക്കൻ ജറൂസലേമിലെ നിർബന്ധിത കുടിയൊഴിപ്പിക്കൽ നിർത്തണം. നിലവിലെ ആക്രമണ നടപടികളെ കുവൈത്ത് ശക്തമായി അപലപിക്കുന്നു. ഫലസ്തീൻ വിഷയത്തിൽ കുവൈത്ത് ഭരണകൂടം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്". അൽ ബന്നായി പറഞ്ഞു.
Adjust Story Font
16