കുവൈത്തിൽ വാഹന പരിശോധന തുടരുന്നു; 600 നിയമലംഘനങ്ങൾ കണ്ടെത്തി
സൈലൻസറുകൾ മാറ്റുന്നത് വാഹന രജിസ്‌ട്രേഷൻ ലംഘനമായതിനാൽ വാഹനയുടമക്ക് പിഴ ചുമത്തും
കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധന തുടരുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ കനത്ത പിഴ ചുമത്തും. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുന്നത്. വാഹനങ്ങളിൽ നിലവിലുള്ള എക്സ്ഹോസ്റ്റ് സംവിധാനങ്ങളിൽ അമിത ശബ്ദത്തിനിടയാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് രാജ്യത്ത് നിയമ വിരുദ്ധമാണ്. ഇത്തരം സഹായങ്ങൾ ചെയ്യുന്ന കമ്പനികൾ അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് രാജ്യ വ്യാപകമായി പരിശോധന ആരംഭിക്കുകയും ചില വർക് ഷോപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്.
സൈലൻസറുകൾ മാറ്റുന്നത് വാഹന രജിസ്‌ട്രേഷൻ ലംഘനമായതിനാൽ വാഹനയുടമക്ക് പിഴ ചുമത്തും. ഷുവൈഖിലെ ഷോപ്പുകളിലും ഗാരേജുകളിലും നടത്തിയ പരിശോധനയിൽ 600 നിയമലംഘനങ്ങൾ കണ്ടെത്തിയതായും എട്ട് വാഹനങ്ങൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. അതിനിടെ പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങളിൽ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിൻറെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ ഊർജിതമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16