Quantcast

കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതി

സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരാനും മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് സമ്പാദിക്കാനും പുതിയ സൗകര്യം പ്രയോജനകരമാകും.

MediaOne Logo

Web Desk

  • Published:

    19 Sep 2021 4:13 PM GMT

കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതി
X

കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ അനുമതി. കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസ മാറ്റത്തിന് മാൻപവർ അതോറിറ്റി അനുമതി നൽകിയത്.

വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ചു സ്വകാര്യ സംരംഭകർ മാൻ പവർ അതോറിറ്റിയെ സമീപിച്ചിരുന്നു. കോവിഡ് കാലത്തെ സവിശേഷ സാഹചര്യത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച കൊറോണ എമർജൻസി കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ വിസ അനുവദിക്കുന്നുള്ളൂ. ഇതേ തുടർന്നാണ് വാണിജ്യ വിസ ആർട്ടിക്കിൾ 18 ഗണത്തിലേക്ക് മാറ്റുന്നതിനു താൽക്കാലിക അനുമതി നൽകാൻ അധികൃതർ തീരുമാനിച്ചത്.

വാണിജ്യ സന്ദർശക വിസ, തൊഴിൽ വിസയിലേക്കുമാറ്റുന്നതിനുള്ള ശിപാർശക്ക് കൊറോണ എമർജൻസി കമ്മിറ്റി അംഗീകാരം നൽകിയതായി മാൻപവർ അതോറിറ്റി മേധാവി അഹമ്മദ് അൽ മൂസ അറിയിച്ചു. ആർട്ടിക്കിൾ 18 വിസ മാറ്റത്തിനുള്ള വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും സന്ദർശകർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുക. ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊന്നിലേക്ക് തൊഴിലാളിയെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മാൻപവർ അതോറിറ്റി നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരാനും മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് സമ്പാദിക്കാനും പുതിയ സൗകര്യം പ്രയോജനകരമാകും.

TAGS :

Next Story