ലോക്‌സഭാ സ്പീക്കർ അബൂദബിയിൽ; നാളെ യു.എ.ഇ പാർലമെന്റിൽ സംസാരിക്കും
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അനുദിനം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ് സന്ദർശനമെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
അഞ്ചുദിവസത്തെ സന്ദർശനത്തിനായി ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ നേതൃത്വത്തിൽ ഇന്ത്യൻ പാർലമെന്റ് സംഘം യു എ ഇയിലെത്തി. സ്പീക്കർക്കും സംഘത്തിനും അബൂദബി വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ലോക്‌സഭാ സ്പീക്കർ നാളെ യു.എ.ഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിലിനെ അഭിസംബോധന ചെയ്യും.
യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ഐഷ മുഹമ്മദ് സഈദ് അൽ മുല്ലയും സംഘവുമാണ് വിമാനത്താവളത്തിൽ ലോക്‌സഭാ സ്പീക്കറെയും പ്രതിനിധി സംഘത്തെയും വരേവറ്റത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ഒപ്പമുണ്ടായിരുന്നു. പാർലമെന്റംഗങ്ങളായ സുശീൽ കുമാർ മോദി, ഡോ. ഫൗസിയ തഹ് സീൻ അഹമ്മദ് ഖാൻ, ഡോ. എം കെ വിഷ്ണുപ്രസാദ്, പി രവീന്ദ്രനാഥ്, ശങ്കർ ലാൽവാനി, ഡോ. രാധാകൃഷ്ണ വിഖേപട്ടീൽ, ലോക്സഭാ സെക്രട്ടറി ജനറൽ ഉദ്പാൽ കുമാർ സിങ്, ജോയിന്റ് സെക്രട്ടറി ഡോ. അജയ് കുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അനുദിനം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ് സന്ദർശനമെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ ഗോബാഷ്. അബൂദബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബൈ ഭരണാധികാരിയ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. നാളെ നടക്കുന്ന ഫെഡറൽ നാഷനൽ കൗൺസിലിനെയാണ് ഓം ബിർല അഭിസംബോധന ചെയ്യുന്നത്.
യു.എ.ഇ രക്തസാക്ഷി സ്മാരകമായ വാഹത്ത് അൽ കരാമയിൽ സംഘം സന്ദർശനം നടത്തി. ജീവത്യാഗം ചെയ്തവരുടെ ചരിത്രം വരുംതലമുറയെയും പ്രചോദിപ്പിക്കുമെന്നും മുന്നണിപ്പോരാളികളെ സല്യൂട്ട് ചെയ്യുന്നുവെന്നും വാഹത്ത് അൽ കരാമയിലെ സന്ദർശക പുസ്തകത്തിൽ ലോക്സഭാ സ്പീക്കർ കുറിച്ചു. ശൈഖ് സായിദ് മസ്ജിദും എഫ്.എൻ.സി കെട്ടിടവും സ്പീക്കർ സന്ദർശിച്ചു.
Adjust Story Font
16