ലോക കേരള സഭാ സമ്മേളനം: പ്രവാസി പ്രശ്നങ്ങൾ ചർച്ചയായില്ലെന്ന് ആക്ഷേപം
15 മുതൽ 30 കോടി വരെ ചെലവിട്ടാണ് മൂന്ന് ലോക കേരള സഭാ സമ്മേളനങ്ങൾ ഇതിനകം നടത്തിയത്
തിരുവനന്തപുരം: ഗൾഫ് മേഖലയിലെ സാധാരണ പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ മൂന്നാമത് ലോക കേരള സഭാ സമ്മേളനം പരാജയമെന്ന് വിമർശനം. മുൻ സമ്മേളനങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാക്കുന്നിലും ലോക കേരള സഭ മുന്നോട്ടു പോയില്ലെന്ന വിമർശനവും ഗൾഫ് മേഖലയിൽ നിന്ന് ശക്തമാണ്. കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾക്കുപരിയായി ലോക കേരള സഭയുടെ ഘടന പൊളിച്ചെഴുതണമെന്ന ആവശ്യമാണ് പ്രവാസികൾക്കുള്ളത്. ലോകത്തെങ്ങുമുള്ള മലയാളികളെ ചേർത്തു നിർത്തുക എന്ന നല്ല ആശയമാണ് ലോക കേരള സഭയുടേത്. അതിനോട് താൽപര്യം പുലർത്തുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. എന്നാൽ ഗൾഫ് മേഖലയിലെയും മറ്റും തുച്ഛവരുമാനക്കാരായ പ്രവാസികളുടെ ജീവൽ പ്രശ്നങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്താനും നടപടി സ്വീകരിക്കാനും ലോക കേരള സഭ തയാറായില്ലെന്നു കരുതുന്നവരാണ് അധികവും.
15 മുതൽ 30 കോടി വരെ ചെലവിട്ടാണ് മൂന്ന് ലോക കേരള സഭാ സമ്മേളനങ്ങൾ ഇതിനകം നടത്തിയത്. ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച സാധാരണക്കാരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള അഭ്യർഥന പോലും സമ്മേളനത്തിൽ ഉയരാതെ പോയത് സങ്കടകരമാണെന്ന് ഗൾഫിലെ സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾക്ക് കൂടുതൽ വിഹിതം അനുവദിക്കുക, തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതി ആവിഷ്കരിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളിലും അനുകൂല നടപടിയൊന്നും ഉണ്ടായില്ല. മൂന്നു വർഷം മുമ്പ് ദുബൈയിൽ സംഘടിപ്പിച്ച ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ മുന്നോട്ടുവെച്ച കർമ പരിപാടികൾക്കും തുടർച്ച ഉണ്ടായില്ല. ഗൾഫ് മേഖലയിലെ പ്രതികൂല തൊഴിൽ സാഹചര്യം മുൻനിർത്തി സാധാരണ പ്രവാസികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കണമെന്ന ആവശ്യവും ലക്ഷ്യം കണ്ടില്ല. നോർക്ക സംവിധാനത്തെ കുറേക്കൂടി പ്രവാസോൻമുഖമാക്കി മാറ്റുകയാണ് ഉടനടി സ്വീകരിക്കേണ്ട നടപടികളിൽ പ്രധാനം. പ്രവാസി ക്ഷേമത്തിനുള്ള വിഹിതം ഉയർത്താൻ സർക്കാർ തയാറാകണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു.
Adjust Story Font
16