സൗദിയിൽ നൂറ് ഷോപ്പിങ് സെൻ്ററുകൾ തുറക്കാൻ ലുലു ഗ്രൂപ്പ്; കിഴക്കൻ മേഖല ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസുഫലി
രണ്ട് ശതകോടി ഡോളറിന്‍റെ പുതിയ നിക്ഷേപ പദ്ധതികളാണ് ലുലു സൗദിയിൽ ലക്ഷ്യം വെക്കുന്നത്
- Published:
2 March 2022 5:37 PM GMT
ദമ്മാം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സൗദി അറേബ്യയിലെ കിഴക്കൻ മേഖല ഗവർണ്ണർ സൗദ് ബിൻ നായിഫ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ദമ്മാമിലെ ഗവർണ്ണറുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങൾ രാജ്യത്തിൻ്റെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവർണ്ണർ പറഞ്ഞു. ലുലു ഗ്രൂപ്പ് സൗദി അറേബ്യയിൽ പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ യൂസഫലി ഗവർണർക്ക് വിശദീകരിച്ചു. ദീർഘവീക്ഷണമുള്ള സൗദി ഭരണാധികാരികളുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പിന് ലഭിക്കുന്ന സഹായ സഹകരണങ്ങൾക്ക് എം.എ.യൂസഫലി നന്ദി പ്രകടിപ്പിച്ചു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ദമ്മാം റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവരും സംബന്ധിച്ചു.
രണ്ട് ശതകോടി ഡോളറിന്‍റെ പുതിയ നിക്ഷേപ പദ്ധതികളാണ് ലുലു ലക്ഷ്യം വെക്കുന്നത്. സൗദിയിൽ 2026ഓടെ 10,000 സ്വദേശികൾക്ക് ജോലി നൽകുന്നതിനാണ് പദ്ധതി. ഇതിൽ സൗദിവത്കരണം പാലിച്ചു തന്നെ മലയാളികളായ പ്രവാസികൾക്കും അവസരമുണ്ടാകും. ഇക്കാര്യം ഇന്ന് ദമ്മാമിൽ നടന്ന ലുലുവിൻ്റെ ഷോപ്പിങ് മാൾ ഉദ്ഘാടനത്തിന് ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ പറഞ്ഞിരുന്നു.
Adjust Story Font
16