ബന്ധുക്കൾ ഏറ്റെടുക്കാത്ത ശ്രീലങ്കക്കാരന്റെ മൃതദേഹം സംസ്കരിച്ച് മലയാളികൾ
ശ്രീലങ്കക്കാരനായ ശിവാനന്ദ ഫെർണാണ്ടോയുടെ മൃതദേഹമാണ് മലയാളി സംഘടന ഏറ്റെടുത്ത് ദുബൈയിൽ സംസ്കരിച്ചത്.
ദുബൈ: ബന്ധുക്കൾ സ്വീകരിക്കാൻ വിസമ്മതിച്ച ശ്രീലങ്കൻ സ്വദേശിയുടെ മൃതദേഹം മലയാളി സംഘടന ഏറ്റെടുത്ത് ദുബൈയിൽ സംസ്കരിച്ചു. ദുബൈയിലെ മർകസ്- ഐ.സി.എഫ് പ്രവർത്തകരാണ് ശ്രീലങ്കക്കാരനായ ശിവാനന്ദ ഫെർണാണ്ടോയുടെ മൃതദേഹം ജബൽഅലിയിലെ സെമിത്തേരിയിൽ ക്രിസ്തീയ ആചാരപ്രകാരം സംസ്കരിച്ചത്.
ദുബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ശ്രീലങ്കൻ സ്വദേശി ശിവാനന്ത ഫെർണാണ്ടസ് ഒരാഴ്ച മുമ്പാണ് താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം ശ്രീലങ്കയിലെത്തിക്കാൻ ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം നടപടി ആരംഭിച്ചെങ്കിലും സ്വീകരിക്കാൻ കുടുംബം തയാറായില്ല. ഏറ്റെടുക്കാൻ ആളില്ലാതെ ദിവസങ്ങൾ മൃതദേഹം സൂക്ഷിക്കേണ്ടി വന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ സ്ഥാപനത്തിന്റെ അധികൃതർ ഐ.സി.എഫ് പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. വെൽഫെയർ സെക്രട്ടറി നസീർ ചൊക്ലി, മുഹമ്മദ് ത്വയ്യിബ് ഫാളിലി, സനീർ വർക്കല എന്നിവർ മൃതദേഹം ഏറ്റെടുത്തു.
ജബൽഅലി സെമിത്തേരിയിൽ ക്രിസ്തീയ മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കാൻ മുസ്‍ലിം സംഘടനയായ ഐ.സി.എഫ് സൗകര്യങ്ങളൊരുക്കി. ബർദുബൈ സെന്റ് മേരീസ് കാത്തലിക്ക് ചർച്ച പള്ളി വികാരി ഫാദർ റോയ് അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി. മൃതദേഹം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന മർക്കസ് പ്രവർത്തകരെ പള്ളിവികാരി അഭിനന്ദിച്ചു.
Adjust Story Font
16