സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലയാളി ലൈബ്രറിയിലേക്ക് നടന്നു പോകവെ കാറിടിച്ചു മരിച്ചു
കൂടെയുണ്ടായിരുന്ന ഭാര്യ സാറ പരിക്കുകളോടെ ദോഹ ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
ഇസ്ഹാഖ് ഹാജി
ദോഹ: കരുവാരക്കുണ്ട് ദാറുന്നജാത് സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ മലപ്പുറം, കരുവാരക്കുണ്ട്, പുന്നക്കാട്, നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജി (76) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ഖത്തറിൽ സന്ദര്‍ശക വിസയിൽ എത്തിയതായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ സാറ പരിക്കുകളോടെ ദോഹ ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ സബിതയും പേരമകൾ ദിയയും നിസ്സാര പരിക്കുകളോടെ ഹമദ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദോഹ ഖത്തർ നാഷണൽ ലൈബ്രറിയിലേക്ക് നടന്നു പോകവേ, ലൈബ്രറിക്ക് മുമ്പിലെ പാർക്കിങ്ങിൽ നിന്നും അമിത വേഗതയിൽ എത്തിയ ലെക്സസ് കാർ വന്നിടിച്ചാണ് അപകടം ഉണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇസ്ഹാഖ് ഹാജി തൽക്ഷണം മരിക്കുകയായിരുന്നു. അപകടത്തിൽ പെട്ട എല്ലാവരും ഖത്തർ നാഷണൽ ലൈബ്രറി മെട്രോ സ്റ്റേഷനിൽ ഇറങ്ങി ലൈബ്രറിയിലേക്ക് നടന്നു വരികയായിരുന്നു.
മറ്റു മക്കൾ: അൻവർ (ജിദ്ദ),ജലീൽ (ഓസ്ട്രേലിയ),ഷറഫുന്നിസ. മരുമക്കൾ: ഹുസൈൻ പാണ്ടിക്കാട്, ഫസീല,ഡാലിയ, സക്കീർ ഹുസൈൻ (ഖത്തർ). മാർച്ച് 11നാണ് ഇവർ ഹയ്യ കാർഡ് വഴി സന്ദർശക വിസയിൽ ദോഹയിൽ എത്തിയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളിലാണെന്ന് ഖത്തർ കെ.എം.സി.സി അൽഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. ഇസ്ഹാഖ് ഹാജിയുടെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി കരുവാരക്കുണ്ട് ദാറുന്നജാത് ഖത്തർ കമ്മിറ്റി, ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി എന്നിവർ അറിയിച്ചു.
Adjust Story Font
16