യു.എ.ഇയിൽ പുതിയ കോവിഡ് ഇളവുകൾ സെപ്തംബർ 28 മുതൽ; പള്ളികളിൽ സാമൂഹിക അകലമില്ല
ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്ക് ധരിക്കൽ ഇനിയും നിർബന്ധമാണ്.
യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. മിക്കയിടങ്ങളിലും മാസ്ക് ഇനി നിർബന്ധമല്ല. മറ്റന്നാൾ മുതലാണ് പുതിയ ഇളവുകൾ നിലവിൽ വരിക. കോവിഡ് രോഗികളുടെ എണ്ണവും കോവിഡ് മരണവും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ദേശീയ ദുരന്തനിവാരണ സമിതി ഈമാസം 28 മുതൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.
ഇഷ്ടമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതി. എന്നാൽ, ആശുപത്രികൾ ഉൾപ്പെടെ മെഡിക്കൽ കേന്ദ്രങ്ങൾ, പള്ളികൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമായിരിക്കും.
അതേസമയം, പള്ളികളിൽ നിലനിന്നിരുന്ന സാമൂഹിക അകലം ഒഴിവാക്കി. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്ക് ധരിക്കൽ ഇനിയും നിർബന്ധമാണ്. വിമാനയാത്രകളിൽ മാസ്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ, വിമാന കമ്പനികൾക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ നിബന്ധന മുന്നോട്ട് വയ്ക്കാമെന്നും ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.
കോവിഡ് പോസിറ്റീവായവർ അഞ്ചു ദിവസം ഐസോലേഷനിൽ കഴിഞ്ഞാൽ മതി എന്നതാണ് പ്രധാനപ്പെട്ടപ്പെട്ട മറ്റൊരു ഇളവ്. രോഗികളുമായി സമ്പർക്കമുണ്ടായവർ രോഗലക്ഷണമുണ്ടെങ്കിൽ മാത്രം പി.സി.ആർ പരിശോധന നടത്തിയാൽ മതി. എന്നാൽ, പ്രായമേറിയവരും രോഗബാധയ്ക്ക് സാധ്യതയേറിയവരും സമ്പർക്കമുണ്ടായാൽ നിർബന്ധമായും പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണം.
പൊതുസ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് അൽഹുസൻ ആപ്പിലെ ഗ്രീൻപാസിലെ കാലാവധി 30 ദിവസമായി വർധിപ്പിച്ചു. ആപ്പിൽ പച്ചനിറം നിലനിർത്താൻ 30 ദിവസത്തിലൊരിക്കൽ പി.സി.ആർ പരിശോധനയ്ക്ക് വിധേയമായാൽ മതി.
Adjust Story Font
16