അബൂദബിയിൽ നാളെ മുതൽ ഗ്രീൻപാസ് പ്രോട്ടോക്കോൾ
പൊതുസ്ഥലത്ത് പ്രവേശിക്കാൻ ആപ്പിൽ പച്ച നിറം വേണം
അബൂദബിയിൽ നാളെ മുതൽ ഗ്രീൻപാസ് പ്രോട്ടോക്കോൾ നിലവിൽ വരും. ഇതോടെ അൽഹൊസൻ ആപ്പിൽ പച്ച നിറമുള്ളവരെ മാത്രമേ ഷോപ്പിങ് മാൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കൂ. സ്ഥാപനങ്ങൾ മൊബൈൽ ഫോൺ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിത്തുടങ്ങി.
16 വയസ് പിന്നിട്ടവർക്കെല്ലാം ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമായിരിക്കും. ഷോപ്പിങ്മാളുകൾ, വലിയ സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പ് പച്ചയാണെന്ന് കാണിക്കണം. റെസ്റ്ററന്റുകൾ, കഫേകൾ, ജിമ്മുകൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്.
വാക്‌സിനേഷന്റെയും പിസിആർ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും മൊബൈൽ ആപ്ലിക്കേഷനിൽ പച്ചനിറം ലഭിക്കുക. ഈ പ്രോട്ടോകോളിന് യുഎഇ ആരോഗ്യമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ജൂൺ 15 മുതൽ നടപ്പാക്കുന്നത് അബൂദബി എമിറേറ്റാണ്. രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി 28 ദിവസം പിന്നിട്ട ശേഷം നടത്തുന്ന പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്കാണ് 30 ദിവസം തുടർച്ചായി ആപ്പ് പച്ചനിറമാവുക. മറ്റുള്ളവർക്ക് 14 മുതൽ മൂന്ന് ദിവസം മാത്രമേ പച്ചനിറം ലഭിക്കൂ.
Adjust Story Font
16