കൂടുതൽ താമസക്കാരെ അനുവദിക്കില്ല; അബൂദബിയിൽ അപ്പാർട്ട്മെന്റുകളിൽ പരിശോധന; നിയമലംഘകർക്ക് പിഴ
'നിങ്ങളുടെ വസതി, നിങ്ങളുടെ ഉത്തരവാദിത്വം' എന്ന കാമ്പയിനും തുടക്കമിട്ടു.
അബൂദബി: അപ്പാർട്ട്മെന്റുകളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ താമസക്കാരെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി അധികൃതർ. അടുത്ത വർഷം വ്യാപക പരിശോധനയ്ക്ക് തുടക്കം കുറിക്കും. നിയമലംഘകർക്ക് ദശലക്ഷം ദിർഹം പിഴയിടുമെന്നും അധികൃതർ വ്യക്തമാക്കി.
അബൂദബി നഗരസഭാ, ഗതാഗത വകുപ്പാണ് അപ്പാർട്ട്മെന്റകൾക്ക് താക്കീത് നൽകിയത്. 'നിങ്ങളുടെ വസതി, നിങ്ങളുടെ ഉത്തരവാദിത്വം' എന്ന കാമ്പയിനും തുടക്കമിട്ടു. അടുത്ത വർഷം ആദ്യപാദത്തിൽ തന്നെ നഗരത്തിലെ അപ്പാർട്ട്മെന്റുകളിൽ പരിശോധന നടത്തും. നിയമലംഘകർ വലിയ തുക ഫൈൻ നൽകേണ്ടി വരും.
നിശ്ചിത അപ്പാർട്ട്മെന്റുകളിലും റൂമുകളിലും അനുവദിച്ച എണ്ണത്തേക്കാൾ കൂടുതൽ പേർ തങ്ങുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതർ പറഞ്ഞു. മുറികൾ വാടകയ്ക്കെടുത്തവർ അനധികൃതമായി മറ്റുള്ളവർക്ക് താമസം ഒരുക്കുന്നത് ഒരു നിലയ്ക്കും അനുവദിക്കില്ല.
അബൂദബി സിവിൽ ഡിഫൻസ് വിഭാഗവുമായി ചേർന്ന് ബോധവത്കരണം നടത്തുകയാണ് കാമ്പയിൻ മുഖേന ലക്ഷ്യമിടുന്നത്. താമസക്കാരും റിയൽ എസ്റ്റേറ്റ് ഉടമകളും നിശ്ചിത എണ്ണത്തിൽ കൂടുതൽ പേരെ അപ്പാർട്ട്മെന്റുകളിൽ അനുവദിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. അബൂദബിയിലെ വിവിധ നഗരസഭകൾക്കു കീഴിലാണ് പരിശോധനാ കാമ്പയിൻ നടക്കുക.
Adjust Story Font
16