ആണവ കരാർ: പുതിയ നിർദേശങ്ങൾ, ഇറാന് എണ്ണകയറ്റുമതിക്കും അനുമതി
കരാർ പുനഃസ്ഥാപിച്ചാൽ നാല് ഘട്ടങ്ങളായി ഇറാന് ഇളവുകൾ നൽകുമെന്ന് നിർദേശത്തിൽ പറയുന്നു.
2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ സമർപ്പിച്ച പരിഹാര നിർദേശ ഫോർമുലയുടെ വിശദാംശങ്ങൾ പുറത്ത്. കരാർ പുനഃസ്ഥാപിച്ചാൽ നാല് ഘട്ടങ്ങളായി ഇറാന് ഇളവുകൾ നൽകുമെന്ന് നിർദേശത്തിൽ പറയുന്നു. ഭാവിയിൽ ഏതെങ്കിലും രാജ്യം കരാറിൽ നിന്ന് പിൻവാങ്ങിയാൽ ഉചിതമായ നഷ്ടപരിഹാരത്തിന് ഇറാന് അവകാശമുണ്ടെന്നും കരാർ വ്യക്തമാക്കുന്നു.
വിയന്നയിലെ നീണ്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇറാനും അമേരിക്കക്കും സ്വീകാര്യമാകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി പുതിയ ഫോർമുല യൂറോപ്യൻ യൂണിയൻ കൈമാറിയത്. തത്വത്തിൽ നിർദേശം സ്വീകാര്യമാണെന്ന സന്ദേശമാണ്ഇറാൻ അറിയിച്ചിരിക്കുന്നത്. അമേരിക്കയുടെ ഭാഗത്തു നിന്നും അനുഭാവപൂർണമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ യൂണിയൻ.
കരാർ പുനരുജ്ജീവിപ്പിക്കുന്ന രേഖയിൽ ബന്ധപ്പെട്ട രാജ്യങ്ങൾ ഒപ്പുവെക്കുന്നതിൻറ തൊട്ടുപിറ്റേന്ന് 17 ഇറാൻ ബാങ്കുകൾക്കും 150 സാമ്പത്തിക സ്ഥാപനങ്ങൾക്കും മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം എടുത്തുമാറ്റുമെന്ന് നിർദേശത്തിൽ പറയുന്നു. ആണവ കരാർ വ്യവസ്ഥകളിലേക്ക് പൂർണമായും തിരിച്ചു വരാൻ ഇറാനും തയാറാകണം. ദക്ഷിണ കൊറിയയുടെ കൈവശമുള്ള ഏഴ് ബില്യൻ ഡോളർ ഇറാൻ ആസ്തി കൈമാറും.
എണ്ണവിൽപന പുനരാരംഭിക്കാനും ഇറാന് സാധിക്കും. കരാറിൽ ഒപ്പുവെച്ച് 120 നാളുകൾക്കകം പ്രതിദിനം രണ്ടര ദശലക്ഷം ബാരൽ എണ്ണ കയറ്റുമതിക്ക് ഇറാന് അവസരം ഒരുങ്ങുമെന്നതും കരാർ വ്യവസ്ഥയുടെ ഭാഗമാണ്. കരാറിൽ നിന്ന് അമേരിക്ക ഇനി പിൻവാങ്ങിയാൽ അർഹമായ തുക ഇറാന് നഷ്ടപരിഹാരം നൽകണം.
യൂറോപ്യൻ യൂനിയൻ നിർദേശത്തിൽ അമേരിക്കയുടെ നിലപാട്എന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം തുടരുകയാണ്.
Adjust Story Font
16