Quantcast

മസ്‌കത്തിൽ 30 മില്യൺ റിയാൽ ചെലവിൽ പുതിയ മത്സ്യകൃഷി പദ്ധതി

പദ്ധതി ഭക്ഷ്യസുരക്ഷ വർധിപ്പിക്കുകയും മത്സ്യകൃഷിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

MediaOne Logo

Web Desk

  • Published:

    27 Jun 2024 8:51 AM GMT

മസ്‌കത്തിൽ 30 മില്യൺ റിയാൽ ചെലവിൽ പുതിയ മത്സ്യകൃഷി പദ്ധതി
X

മസ്‌കത്ത്: ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം (MAFWR) മസ്‌കത്തിലെ സീബ് വിലായത്തിൽ പുതിയ മത്സ്യകൃഷി പദ്ധതി പ്രഖ്യാപിച്ചു. 30 മില്യൺ റിയാൽ വിലമതിക്കുന്ന ഈ പദ്ധതി, ഒമാന്റെ ജലകൃഷി മേഖലയെ ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നീക്കമാണ്.

യുണൈറ്റഡ് ഫിഷ് ഫാമിംഗ് കമ്പനി ഏറ്റെടുക്കുന്ന ഈ പദ്ധതി സ്ഥലം, കരയിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് മത്സ്യകൃഷിക്ക് ആവശ്യമായ വിഭവങ്ങളും പ്രവർത്തനങ്ങൾക്ക് സൗകര്യപ്രദമായ പ്രവേശനവും ഉറപ്പാക്കുന്നു. 152.15 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി ആദ്യ ഘട്ടത്തിൽ യൂറോപ്യൻ സീ ബ്രീം മത്സ്യങ്ങളെ വളർത്തുന്നതിന് പൊങ്ങിക്കുന്ന കൂടുകൾ ഉപയോഗിക്കും. 5,000 ടൺ ഉത്പാദനമാണ് പ്രാരംഭഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്. പ്രതിവർഷ ഉത്പാദനം ഒടുവിൽ 10,000 ടണ്ണിലെത്തുമെന്ന് യുണൈറ്റഡ് ഫിഷ് ഫാർമിംഗ് കമ്പനി പ്രതീക്ഷിക്കുന്നു. ഇതോടെ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവ് വർധിപ്പിക്കും.

ഒമാനിലെ മത്സ്യകൃഷി വ്യവസായം വളർത്താനും ദേശീയ സമ്പദ്വ്യവസ്ഥയിൽ കൂടുതൽ സംഭാവന നൽകാനുമാണ് കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് ശ്രമിക്കുന്നത്. ഈ പദ്ധതി ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുകയും മത്സ്യകൃഷിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കൃഷി മന്ത്രാലയം മാദയ്ൻ കമ്പനിയുമായി ചേർന്ന് സുഹാറിൽ 1 ലക്ഷം ടൺ മത്സ്യത്തീറ്റ നിർമ്മിക്കുന്ന ഒരു ഫാക്ടറി തുടങ്ങാനും കരാറിലൊപ്പുവച്ചു. ഇത് ഒമാനിലെ ആവശ്യങ്ങൾക്കും കയറ്റുമതിയുടെ കാര്യത്തിലും മുന്നേറ്റമുണ്ടാക്കും.

മത്സ്യകൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ ഗവൺമെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ സാങ്കേതിക സഹായവും നൽകും. ലോകോത്തര നിലവാരത്തിലേക്ക് മത്സ്യകൃഷി മേഖലയെ ഉയർത്തുക എന്നതാണ് ലക്ഷ്യം. അതിനായി കുറഞ്ഞ ചിലവിൽ പദ്ധതി സ്ഥലങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇത് മത്സ്യകൃഷിയിൽ നിക്ഷേപം നടത്താൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

TAGS :

Next Story