Quantcast

വിശ്രമ കേന്ദ്രങ്ങളും മൾട്ടിപർപ്പസ് ഗ്രൗണ്ടും; അൽ വുസ്ത ഗവർണറേറ്റിലെ ദുഖമിൽ പുതിയ പാർക്ക്

13,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു

MediaOne Logo

Web Desk

  • Published:

    17 Oct 2024 1:01 PM GMT

വിശ്രമ കേന്ദ്രങ്ങളും മൾട്ടിപർപ്പസ് ഗ്രൗണ്ടും; അൽ വുസ്ത ഗവർണറേറ്റിലെ ദുഖമിൽ പുതിയ പാർക്ക്
X

മസ്‌കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ദുഖമിൽ പുതിയ പാർക്ക് തുറന്നു. അൽ വുസ്ത ഗവർണറേറ്റിലെ സ്‌പെഷ്യൽ ഇക്കണോമിക് സോൺ അതോറിറ്റി (SEZAD) ദുഖമിന്റെ വാണിജ്യ മേഖലയുടെ ഹൃദയഭാഗത്താണ് പുതിയ പൊതുപാർക്ക് ഉദ്ഘാടനം ചെയ്തത്. പ്രദേശത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 13,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഈ പാർക്ക് രൂപകൽപ്പന ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

സമീപത്തുള്ള വീടുകളുമായും വാണിജ്യ മേഖലകളുമായും ബന്ധിപ്പിക്കുന്ന തരത്തിൽ തന്ത്രപ്രധാനമായ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. വിശ്രമിക്കാനായി 5,000 സ്‌ക്വയർ മീറ്റർ ഹരിത ഇടങ്ങളാണ് പാർക്കിൽ ഒരുക്കിയത്. കൂടാതെ 1,500 മീറ്റർ നീളമുള്ള നടപ്പാതയും സജ്ജമാണ്. ഇരിപ്പിടങ്ങളും, ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള ഒരു പ്രത്യേക പാതയും കുട്ടികളുടെ കളി സ്ഥലങ്ങളും പാർക്കിൽ ഉൾപ്പെടുന്നു. കൂടാതെ, 800 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഒരു മൾട്ടിപ്പർപ്പസ് സ്‌പോർട്‌സ് ഗ്രൗണ്ട് ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ടെന്നീസ് തുടങ്ങിയ വിനോദ, സാംസ്‌കാരിക പരിപാടികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. 200 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള ബീച്ച് വോളിബോൾ കോർട്ടും പാർക്കിലുണ്ട്.

SEZAD-ലെ ലാൻഡ്‌സ്‌കേപ്പിംഗ് വകുപ്പിന്റെ തലവനായ ഇബ്രാഹിം ബിൻ സഹെർ അൽ റവാഹി, പാർക്കിൽ 125-ലധികം മരങ്ങളും മൊബൈൽ ഫുഡ് വെണ്ടർമാർക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു. ഇവിടെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള ചാർജിംഗ് ഔട്ട്‌ലെറ്റുകളും, എക്‌സ്റ്റേണൽ ഡിസ്‌പ്ലേ സ്‌ക്രീനുകളും, സ്പീക്കറുകളും, സർവൈലൻസ് ക്യാമറകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ (വൈഫൈ) ഇൻസ്റ്റാൾ ചെയ്യാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

ബിസിനസുകൾക്കും താമസക്കാർക്കും ഒരുപോലെ ആകർഷകമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള സെസാഡിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പാർക്ക്. പ്രദേശത്തിനായുള്ള സെസാഡിന്റെ വിശാലമായ വികസന തന്ത്രത്തിന്റെ ഭാഗമായി വരും മാസങ്ങളിൽ വിവിധ കുടുംബ സൗഹൃദ വിനോദ പരിപാടികൾ, പ്രത്യേകിച്ച് കുട്ടികൾക്കായി നടക്കുമെന്ന് അൽ റവാഹി കൂട്ടിച്ചേർത്തു.

TAGS :

Next Story