Quantcast

അറബിക്കടലില്‍ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറും

ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അവധി

MediaOne Logo

Web Desk

  • Published:

    21 Oct 2023 12:19 PM GMT

അറബിക്കടലില്‍ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറും
X

അറബിക്കടലില്‍ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ത്യ നിർദ്ദേശിച്ച ‘തേജ്’ എന്നപേരിലായിരിക്കും ചുഴലികാറ്റ് അറിയുക. ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ഒമാനിലെ ദോഫാർ ഗവർണറേറ്റിന്റെയും യമനിന്‍റെയും തീരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്.

ഉഷ്ണമേഖലാ ന്യൂനമർദത്തിന്റെ കേന്ദ്രം ഒമാൻ തീരത്ത് നിന്ന് 870 കിലോമീറ്റർ അകലെയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ഉഷ്ണമേഖലാ ന്യൂനമർദമായി മാറി, അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റഗറി ഒന്നിൽപ്പെടുന്ന ചുഴലിക്കാറ്റായും വികസിക്കും.

തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച രാവിലെയുമായി ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്‌റ ഗവർണറേറ്റിനും ഇടയിലൂടെ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇതിന്‍റെ നേരിട്ടുള്ള ആഘാതം ഞായറാഴ്ച വൈകിട്ട് മുതല്‍ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിലായി 50 മുതൽ 200 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്‍റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 50 മുതൽ 75 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗത. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേകും.

തിങ്കളാഴ്ച 68 മുതൽ 125 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗം. 200മുതൽ 600 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. അറബികടലിന്‍റെ തീരങ്ങളിൽ തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കും. ചൊവ്വാഴ്‌ച രാവിലെ കരക്കെത്തുമ്പോള്‍ കാറ്റിന്റെ വേഗത വീണ്ടും വര്‍ധിക്കാനാണ്‌ സാധ്യതയെന്ന് സി.എ.എ മുന്നറിയിപ്പിൽ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് 2018 ഒക്ടോബര്‍ 13ന്‌ അടിച്ച ലുബാനും അതേ വര്‍ഷ മെയ് 24 ന്‌ അടിച്ച മെകനുവും സലാലയുടെ പടിഞ്ഞാറ്‌ ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു.

തുറമുഖ ഭരണകൂടങ്ങൾ, സമുദ്ര ഗതാഗത കമ്പനികൾ, കപ്പൽ ഉടമകൾ, മറൈൻ യൂണിറ്റുകൾ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നിർദ്ദേശം നൽകി.

തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും ഒക്ടോബര്‍ 22, 23 ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ അവധിയായിരിക്കും.

TAGS :

Next Story