മസ്‌കത്തിൽനിന്നുള്ള സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
വിവിധ സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു
അവധിക്കാലം കഴിഞ്ഞതോടെ മസ്‌കത്തിൽനിന്നുള്ള സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. വിവിധ സർവീസുകളുടെ സമയം പുനഃക്രമീകരിച്ചതായും കമ്പനി അറിയിച്ചു. ഇന്നു മുതൽ ഒക്ടോബർ 28 വരെയുള്ള സർവീസുകളിൽ ചിലതാണ് റദ്ദാക്കിയതും പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നതും.
മസ്‌കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ, ബെംഗളൂരു, മംഗളൂരു സർവീസുകളിൽ ചിലതാണ് റദ്ദാക്കിയത്. തിരുവനന്തപുരം സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. ചില സെക്ടറുകളിൽ ഒന്ന് മുതൽ നാല് സർവീസുകൾ വരെ ഓരോ ആഴ്ചയിലും റദ്ദാക്കിയതായും എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജൻസികൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം, അടുത്ത ദിവസങ്ങളിൽ മസ്‌കത്തിൽ നിന്ന് കേരള സെക്ടറുകൾ ഉൾപ്പെടെ അഞ്ച് നഗരങ്ങളിലേക്ക് സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ, ഈ ദിവസങ്ങളിൽ നേരത്തെ ബുക്ക് ചെയ്ത യാത്രകാർക്ക് ടിക്കറ്റ് തുക തിരിച്ച് നൽകുന്നതാണെന്നും അല്ലെങ്കിൽ മറ്റു ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി.
മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കും ഹൈദരബാദിലേക്കുമുള്ള എയർ ഇന്ത്യയുടെ സർവീസുകളും നിർത്തുകയാണ്. 12 മുതൽ മുംബൈയിലേക്കുള്ള സർവീസുകൾ റീ ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുടെ കേരളത്തിലേക്കുണ്ടായിരുന്ന എക സർവീസ് ആയിരുന്നു മസ്‌കത്ത്-കണ്ണൂർ റൂട്ടിലേത്. നാളെ മുതൽ കേരള സെക്ടറുകളിലേക്ക് എയർ ഇന്ത്യ സർവീസുകൾ ഒന്നും ഉണ്ടാകില്ല. തിരുവനന്തപുരം സർവീസും നേരത്തെ നിർത്തിവെച്ചിരുന്നു.
Adjust Story Font
16