Quantcast

ഹിസ് മജസ്റ്റിസ് കപ്പ്: ദോഫാറിന് 11ാം കിരീടം

ഫൈനലിൽ അൽ നഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു

MediaOne Logo

Web Desk

  • Published:

    12 May 2024 6:13 AM GMT

Al Dhofars 11th title in His Majestys Cup Football Championship
X

മസ്‌കത്ത്: ഹിസ് മജസ്റ്റിസ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അൽ ദോഫാറിന് 11ാം കിരീടം. മുസന്ദം ഗവർണറേറ്റിലെ ഖസബ് സ്പോർട്സ് കോംപ്ലക്സിൽ വെള്ളിയാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ നഹ്ദയെ 2-0 ന് തോൽപ്പിച്ചാണ് സലാലയിൽനിന്നുള്ള ടീം 2023-2024 ഹിസ് മജസ്റ്റി കപ്പ് സീസണിൽ ജേതാക്കളായത്. 11 മുൻനിര ലീഗ് കിരീടങ്ങൾ ഉൾപ്പെടെ മൊത്തം 22 പ്രധാന ആഭ്യന്തര ട്രോഫികളുമായി ഒമാൻ ഫുട്ബോളിൽ സമാനതകളില്ലാത്ത റെക്കോർഡാണ് ദോഫാറിന്റെ പേരിലുള്ളത്.

വീഡിയോ അസിസ്റ്റന്റ് റിവ്യൂ (വിഎആർ) സംവിധാനത്തിന് തുടക്കം കുറിച്ചതിനാൽ ഒമാൻ ഫുട്‌ബോളിന്റെ ചരിത്ര നിമിഷമായി ഫൈനൽ മാറി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ 'വാർ' അവലോകനം വഴി ദോഫാറിന് പെനാൽറ്റി ലഭിച്ചു. ഇത് ടീം ക്യാപ്റ്റൻ അലി സലിം മുതലാക്കി ടീമിന് ഒരു ഗോൾ ലീഡ് ഉറപ്പിച്ചു. 64-ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി കൂടി ദോഫാറിന് അനുകൂലമായി റഫറി മഹ്‌മൂദ് അൽ മജ്റഫി വിധിച്ചു. അത് ഹുസൈൻ സെയ്ദ് കൂളായി ലക്ഷ്യത്തിലെത്തിച്ച് ലീഡുറപ്പിച്ചു. കോച്ച് ഹമദ് അൽ അസാനിയുടെ നേതൃത്വത്തിൽ അൽ നഹ്ദ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ദോഫാറിന്റെ ഉറച്ച പ്രതിരോധം എതിരാളികൾക്ക് അവസരം നിഷേധിച്ചു.

1972 ആരംഭിച്ച ടൂർണമെൻറിൽ 1977-ൽ തന്നെ കിരീട നേട്ടങ്ങളിലേക്കുള്ള ദോഫാർ യാത്ര ആരംഭിച്ചിരുന്നു. ദോഫാർ 1980ലും 1981ലും തുടർച്ചയായി കിരീടങ്ങൾ നേടി. നീണ്ട ഇടവേളയ്ക്ക് ശേഷം 1990ൽ പ്രതാപം വീണ്ടെടുത്തു. ഒമ്പത് വർഷത്തെ മറ്റൊരു ഇടവേളക്ക് ശേഷം 1999ൽ അവർ വീണ്ടും വിജയിച്ചു. 2004ലും 2006ലും വീണ്ടും ജേതാക്കളായി. 2011 ലും വിജയിച്ച ടീം 2019-2020, 2020-21 സീസണുകളിൽ ഇരട്ട കിരീടം നേടി. 11 കിരീടങ്ങൾക്ക് പുറമെ നാല് തവണ റണ്ണേഴ്സ് അപ്പായും ദോഫാർ മാറി.

മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് അൽ ബുസൈദി ദോഫാർ ക്യാപ്റ്റൻ അലി സലിമിന് ട്രോഫിയും കളിക്കാർക്ക് സ്വർണ മെഡലുകളും നൽകി. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ബാസിൽ അൽ റവാസ്, ഒഎഫ്എ ചെയർമാൻ ഷെയ്ഖ് സലിം അൽ വഹൈബി തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story