ഒമാനിലെ സേവന കാലാവധി പൂർത്തിയാക്കി; ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മടങ്ങുന്നു
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറെ നിയമിച്ചിട്ടില്ല
മസ്‌കത്ത്: ഒമാനിലെ സേവന കാലാവധി പൂർത്തിയാക്കി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മടങ്ങുന്നു. സ്ലോവേനിയയിലെ ഇന്ത്യൻ അംബാസഡറായാണ് അടുത്ത നിയമനം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഉടൻതന്നെ അദേഹം പുതിയ ചുമതല ഏറ്റെടുക്കും. ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറെ നിയമിച്ചിട്ടില്ല.
2021 ഒക്ടോബർ 24നാണ് അമിത് ഒമാനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നത്. സേവന കാലയളവിൽ ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കും ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിച്ചിരുന്നു. ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്. 2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010 വരെ തായ്പേയിലെ ഇന്ത്യ-തായ്പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. നല്ലൊരു പക്ഷി നിരീക്ഷൻ കൂടിയാണ്. wingedenvoys.wixsite.com എന്ന ബ്ലോഗിലൂടെ പക്ഷികളുടെ ഫോട്ടോകളും നിരീക്ഷണ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ചേർത്തിരിക്കുന്ന 90 ശതമാനം ഫോട്ടോകളും അദ്ദേഹം എടുത്താണ്. ദിവ്യ നാരംഗാണ് ഭാര്യ. മെഹർ, കബീർ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.
Adjust Story Font
16