ഒമാനിലെ ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു
ഒമാനിലെ ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ മൂന്ന് വർഷത്തിന് ശേഷം വീണ്ടും രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു. സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ആണ് ഓപ്പൺ ഫോറം നടന്നത്.
വർഷത്തിൽ ഏറ്റവും കുറഞ്ഞത് മൂന്ന് ഓപ്പൺ ഫോറം, ടാസ്‌ക് ഫോഴ്സ് രൂപീകരണം, അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ, വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച ഉറപ്പുകൾ തുടങ്ങിയവയാണ് രക്ഷിതാക്കൾ പ്രധാനമായും ഉയർത്തിയ ആവശ്യങ്ങൾ. രക്ഷിതാക്കൾ ഉയർത്തിയ ആവശ്യങ്ങളെല്ലാം സ്‌കൂൾ മാനേജ്മെന്റ് അംഗീകരിച്ചുവെന്ന് രക്ഷിതാക്കളുടെ പ്രതിനിധിയായ മനോജ് പെരിങ്ങേത്ത് പറഞ്ഞു.
പഠന-പഠനേതര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്ന ഓപ്പൺ ഫോറങ്ങൾ നേരത്തെ ഒമാനിലെ ഭൂരിഭാഗം സ്‌കൂളുകളിലും നടന്നിരുന്നു. ഏറ്റവും കുറഞ്ഞത് മൂന്ന് ഓപ്പൺ ഫോറങ്ങളെങ്കിലും ചേരണം എന്നതായിരുന്നു അന്ന് ബോർഡിന്റെ തീരുമാനം. എന്നാൽ പിന്നീട് വന്ന ബോർഡുകൾ അതിൽ നിന്ന് ക്രമേണ വ്യതിചലിക്കുകയും കൊവിഡ് കാലത്തോടെ പൂർണ്ണമായും അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു. മറ്റ് സ്‌കൂളുകളിലും ഓപ്പൺ ഫോറങ്ങൾ പുനരാരംഭിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം ശക്തമാണ്.
Adjust Story Font
16