ബാങ്ക് ട്രാൻസ്ഫറിന്റെ പേരിൽ കബളിപ്പിക്കൽ; ജാഗ്രത പാലിക്കണമെന്ന് ഒമാൻ പൊലീസ്
മത്രയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ മലയാളിയും മറ്റൊരു പാകിസ്താനിയും കബളിപ്പിക്കപ്പെട്ടു
മസ്‌കത്ത്: ഒമാനിൽ ബാങ്ക് ട്രാൻസ്ഫറിന്റെ പേരിലുള്ള കബളിപ്പിക്കൽ തുടർക്കഥയാവുന്നു. ഫേക്ക് സ്‌ക്രീൻ ഷോട്ടുകളും റിക്വസ്റ്റ് മെസേജും കാട്ടിയാണ് കച്ചവടക്കാരെ വീഴ്ത്തുന്നത്. ഇതിനെ തുടർന്ന് റോയൽ ഒമാൻ പൊലീസ് ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
ബാങ്കിങ് ഇടപാടുകൾ ഇ-പെയ്മന്റിലേക്ക് മാറിയതോടെ ഈ മേഖലയിൽ തട്ടിപ്പുമായി വിരുതൻമാർ ഇറങ്ങിയിട്ടുണ്ട്. കച്ചവടക്കാരുമായി സാധനങ്ങൾ വിലപേശി ഉറപ്പിച്ച ശേഷം മൊബൈൽ വഴിയുള്ള പണമിടപാടിന് നമ്പർ ആവശ്യപ്പെടുന്നതാണ് ആദ്യം ചെയ്യുക. ഇ- പെയ്‌മെന്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഉറപ്പിക്കാനായി അയച്ചതിന്റെ തെളിവ് കാണിച്ചുകൊടുത്ത് വേഗത്തിൽ കടന്നുകളയും. എന്നാൽ ഫോണിലേക്ക് വന്നത് പണം എത്തിയതിന്റെ അറിയിപ്പ് അല്ലെന്നും റിക്വസ്റ്റ് മെസേജ് ആണെന്നും പലർക്കും പിന്നീടാണ് മനസ്സിലാവുക. മത്രയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ മലയാളിയും മറ്റൊരു പാകിസ്താനിയും ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്.
അതേസമയം, ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ബാങ്കിന്റെ പേരിൽ മത്സരം നടത്തുന്നത് തട്ടിപ്പ് നടക്കുന്നുണ്ടെന്നും റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പുണ്ട്. ഒടിപിയും ഇലക്ട്രോണിക് ലിങ്ക് നൽകി വ്യക്തിപരവും ബാങ്കിംഗ് വിവരങ്ങളും കയ്യിലാക്കിയാണ് ഇരകളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടുന്നതെന്നും പൊലീസ് പറയുന്നു. സംശയാസ്പദമായ സന്ദേശങ്ങൾ അവഗണിക്കാനും തട്ടിപ്പുകളെക്കുറിച്ച് അധികൃതരെ ഉടൻ അറിയിക്കാനും പൊലീസ് ആവശ്യപ്പെട്ടു.
Adjust Story Font
16