വാഹനാപകടം; മുംബൈ സ്വദേശികളുടെ മൃതദേഹങ്ങൾ സലാലയിൽ ഖബറടക്കി
മാഹി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയച്ചു
ഒരാഴ്ച മുമ്പ് മസ്കറ്റ്-സലാല റോഡിൽ മഖ്‌ഷനിൽ നടന്ന വാഹനാപകടത്തിൽ മരിച്ച നാല് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമ നടപടികൾ പൂർത്തിയാക്കി സലാലയിലെ ദാരീസ് ഖബർസ്ഥാനിൽ ഖബറടക്കി.
മുംബൈ സ്വദേശികളായ ഷാഹിദ് ഇബ്രാഹിം (48), ഭാര്യ തസ്നി ഷാഹിദ് (48), മക്കളായസീഷാൻ അലി ഷാഹിദ് (24), മെഹറിൻ ഷാഹിദ് (17) എന്നിവരുടെ മൃതദേഹമാണ് ഖബറടക്കിയത്.
പ്രവാസി വെൽഫെയർ പ്രവർത്തകരാണ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഖബറടക്കുന്നതിന് മുൻകൈയെടുത്തത്. സലാലയിൽ നിന്നും കെ.എം.ഹാഷിം, അബ്ദുല്ല മുഹമ്മദ്, മസ്കത്തിൽ നിന്നും സാജിദ് റഹ്മാൻ, കെ.എച്ച് അബ്ദുറഹീം, സഫീർ, തുംറൈത്തിൽ നിന്നും ടിസ്സ പ്രസിഡൻറ് ഷജീർഖാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഈ അപകടത്തിൽ മരണമടഞ്ഞ നാല് യമൻ സ്വദേശികളുടെ ഖബറടക്കവും ഇന്നലെ നടന്നു.
പെരുന്നാൾ അവധി ആഘോഷിക്കുവാനായി മസ്കത്തിൽ നിന്നും സലാലയിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.
കഴിഞ്ഞദിവസം കിറ്റ്പിറ്റിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ മരണമടഞ്ഞ മാഹി സ്വദേശി മുഹമ്മദ് അഫ് ലഹിന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി വെൽഫെയർ പ്രവർത്തകരാണ് നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നിർവഹിച്ചത്.
Adjust Story Font
16