ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വീണ്ടും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
വിവിധ പ്രദേശങ്ങളിൽ 10 മുതൽ 80 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും
ഇന്ത്യയിൽ രൂപപ്പെട്ട ന്യൂന മർദ്ദത്തിൻറെ ഫലമായി ബുധനാഴ്ചവരെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക്-തെക്ക് ശർഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവർണറേറ്റുകളിലും അൽഹജർ പർവ്വത നിരകളിലുമായിരിക്കും മഴ ലഭിക്കുക. വിവിധ പ്രദേശങ്ങളിൽ 10 മുതൽ 80 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കാം.
മണിക്കൂറിൽ 40 മുതൽ 80 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. ഭൂരിഭാഗം തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
അതിനിടെ, സ്വന്തം ജീവവന് ഭീഷണിയാകുന്ന തരത്തിൽ കുത്തിയൊലിക്കുന്ന വാദി മുറിച്ച് കടക്കാൻ ശ്രമിച്ച നാല് സ്വദേശി പൗരൻമാരെ റോയൽ ഒമാൻ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റസ്താഖ് വിലായത്തിലാണ് സംഭവം. നിറഞ്ഞൊഴുകുന്ന വാദികൾ മുറിച്ച് കടക്കുന്നവർക്കെതിരെ മൂന്ന് മാസം വരെ തടവും 500 റിയാൽ പിഴയും ചുമത്തിയേക്കുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16