'കോവിഡ് ഹീറോ'സിന് ആദരമര്‍പ്പിച്ച് സിജി സലാല
സലാല: കോവിഡ് സേവന രംഗത്ത് സലാലയില്‍ സേവനമര്‍പ്പിച്ചവരെ സിജി സലാല ആദരിച്ചു.'ഹോണറിങ് ദ ഹീറോസ്' എന്ന പേരില്‍ ഹംദാന്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ പന്ത്രണ്ട് കൂട്ടായ്മകള്‍ക്കും ഒരു സ്ഥാപനത്തിനും രണ്ട് വ്യക്തികള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കിയത്. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ ഇന്റര്‍നാഷണല്‍ സലാല ചാപ്റ്ററാണ് ചടങ്ങ് ഒരുക്കിയത്. തൊഴില്‍ മന്ത്രാലയത്തിലെ നായിഫ് അല്‍ ഷന്‍ഫരി മുഖ്യാതിഥിയായിരുന്നു. സിജി സലാല ചെയര്‍മാന്‍ ഹുസൈന്‍ കാച്ചിലോടി അധ്യക്ഷനായി. സിജി ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ ഡോ. വി.എസ് സുനില്‍ സിജിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സലാല, കെ.എം.സി.സി സലാല,കൈരളി സലാല, ഐ.സി.എഫ് സലാല, വെല്‍ഫയര്‍ ഫോറം സലാല, ഒ.ഐ.സി.സി സലാല, സോഷ്യല്‍ ഫോറം ഒമാന്‍, പി.സി.എഫ് സലാല, തണല്‍ സലാല, കെ.എസ്.കെ സലാല, ഇഖ്‌റഅ് സലാല, സിഫ സലാല എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ പന്ത്രണ്ട് കൂട്ടായ്മകള്‍.
ബദര്‍ സമ ഹോസ്പിറ്റലാണ് അവാര്‍ഡിന് അര്‍ഹമായ ഏക സ്ഥാപനം. സാമുഹ്യ പ്രവര്‍ത്തകനും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ജീവനക്കാരനുമായ കെ.എസ് മുഹമ്മദലി, സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരനായ എച്ച്.എം തമീമുല്‍ അന്‍സാരി എന്നിവരാണ് അവാര്‍ഡ് ഏറ്റു വാങ്ങിയ വ്യക്തികള്‍. മുഖ്യാതിഥി നായിഫ് അല്‍ ഷന്‍ഫരിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്‍, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാര്‍, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സയ്യിദ് ഇഹ്‌സാന്‍ ജമീല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഡോ. നിഷ്താര്‍, നസ്‌രിയ തങ്ങള്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ചടങ്ങില്‍ മുനീര്‍ മീത്തല്‍ സ്വാഗതവും ഡോ. എം. ഷാജിദ് നന്ദിയും പറഞ്ഞു. പ്രത്യേക ക്ഷണിതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.
Adjust Story Font
16