മസ്‌കത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമഗ്രമായ നടപടി; പഠനത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കും

മസ്‌കത്ത്: മസ്‌കത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമഗ്രമായ നടപടികളുമായി ഗതാഗത മന്ത്രാലയം. ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ഗതാഗത അണ്ടർസെക്രട്ടറി ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമ്മാഖി വിശദീകരിച്ചു. തലസ്ഥാനത്തെ ഗതാഗത വെല്ലുവിളികൾ ലഘൂകരിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കാൻ ഒരു സമർപ്പിത സംഘത്തെ രൂപവത്കരിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് മന്നോട്ടുവെച്ചിരിക്കുന്നത്. ബുർജ് അസഹ്വ റൗണ്ട് എബൗട്ടിന്റെ വിപുലീകരണവും 18 നവംബർ സ്ട്രീറ്റിന്റെയും അൽ മൗജ് സ്ട്രീറ്റിന്റെയും വികസനവും ഇതിൽ ശ്രദ്ധേയമാണ്.
മസ്‌കത്തിലെ ഏറ്റവും തിരക്കേറിയ ചില പ്രദേശങ്ങളിലെ കണക്റ്റിവിറ്റി വർധിപ്പിക്കാനും തിരക്ക് കുറക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ഗതാഗത മേഖലക്ക് കരുത്തേകുന്ന മസ്‌കത്ത് മെട്രാ പദ്ധതിയും അണിയറയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ വിശദമായ പഠനം ഈ വർഷം ആരംഭിക്കും. അതേസമയം, ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചും മന്ത്രാലയം എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ, മബേലയിൽ 500ലധികം ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
Adjust Story Font
16