ആകെ ദൂരം 400 കിലോമീറ്റർ; ആദം-തുംറൈത്ത് റോഡ് ഇരട്ടിപ്പിക്കലിന് കരാർ നൽകി
ഏഴ് കോടി റിയാൽ ചെലവിൽ മൂന്നാം ഭാഗമാണ് നിർമിക്കുന്നത്
മസ്‌കത്ത്: ഹൈമ വിലായത്ത് മുതൽ തുംറൈത്ത് വിലായത്ത് വരെയുള്ള 400 കിലോമീറ്റർ നീളമുള്ള ആദം-തുംറൈത്ത് റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ശേഷിക്കുന്ന മൂന്ന് ഭാഗങ്ങൾക്കായി ടെൻഡർ ബോർഡ് കരാർ നൽകി. 70,031,555 ഒമാൻ റിയാൽ ചെലവിലാണ് മൂന്നാം ഭാഗം നിർമിക്കുന്നത്. ഹൈമയ്ക്കും മക്ഷിനും ഇടയിലുള്ള 132.5 കി.മീ ദൂരമാണ് ഈ ഘട്ടത്തിലുള്ളത്. നാലാമത്തെ ഭാഗം മക്ഷിനും ദൗക്കയ്ക്കും ഇടയിലായിരിക്കും. 135 കി.മീ. ദൂരമുള്ള ഈ ഭാഗത്തിന് 118,379,071 റിയാൽ ചെലവാകും. ദൗക്കക്കും തുംറൈത്തിനുമിടയിലാണ് അഞ്ചാം ഭാഗം. 132.7 കിലോമീറ്ററുള്ള ഭാഗത്തിന് 69,792,793 റിയാലാണ് ചെലവ്.
ഖരീഫ് സീസണിലടക്കം ധാരാളം വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന ഈ റോഡ് പദ്ധതി വളരെ പ്രധാനപ്പെട്ടതാണ്. ആദം-ഹൈമ-തുംറൈത്ത് ഹൈവേ 717.5 കിലോമീറ്റർ ദൂരമുള്ളതാണ്. ഇതിൽ ആദം മുതൽ ഹൈമ വരെയുള്ള 280 കിലോമീറ്റർ ഇരട്ടപ്പാതകളാണ്.
Next Story
Adjust Story Font
16