ഒരാഴ്ചയായി കോവിഡ് മരണങ്ങളില്ല; ഒമാനിൽ ആശ്വാസം
മാർച്ച്10നാണ് അവസാനമായി ഒമാനിൽ കോവിഡ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തത്
ഒമാനിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്ത് കൂടുതൽ ആശ്വാസമാകുന്നു. ഒരിടവേളക്ക് ശേഷം കോവിഡ് കേസുകൾ കുതിച്ചുയരാൻ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസങ്ങൾ മരണങ്ങളില്ലാതെ ആശ്വാസമാകുന്നത്. മാർച്ച്10നാണ് അവസാനമായി ഒമാനിൽ കോവിഡ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തത്.
ഒമാനിൽ ഈ മാസം ഇതുവരെ ആറുപേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസം 94പേരായിരുന്നു മരിച്ചത്. ഏറ്റവും കുടുതൽ ആളുകൾ മരിച്ചത് ഫെബ്രുവരി ആറിനായിരുന്നു. 14 ആളുകൾക്കാണ് അന്ന് മഹാമാരിമൂലം ജീവിതം നഷ്ടമായത്. കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 90 ശതമാനവും വാക്‌സിനെടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രോഗമുക്തി നിരക്ക് ഉയരുന്നതും മരണവും നിയന്ത്രിക്കാൻ കഴിഞ്ഞതും പ്രതീക്ഷയോടെയാണ് ആരോഗ്യമേഖലയിലുള്ളവർ നോക്കികാണുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറച്ച്‌കൊണ്ടുവരാൻ സാധിച്ചു.
കോവിഡ് കേസുകൾ നിയന്ത്രണധീനമായതോടെ മാർച്ച് ഒന്ന് മുതൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ലെന്ന് കോവിഡ് അവലോകന സുപ്രിംകമ്മിറ്റി അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്‌ക് നിർബന്ധമാണ്. പ്രതിദിന രോഗ നിരക്കുകൾ ഉയർന്നതോടെ അധികൃതർ സ്വീകരിച്ച നടപടികളാണ് കോവിഡ് വ്യാപനവും മരണവും കുറക്കാൻ സഹായകമായതെന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
Covid decrease; Relief in Oman
Adjust Story Font
16