'അസ്‌ന' ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യത
ഒമാൻ തീരത്ത് നിന്ന് 635 കിലോമീറ്റർ അകലെയാണുള്ളത്
മസ്‌കത്ത്: അറബിക്കടലിൽ രൂപം കൊണ്ട 'അസ്‌ന' ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. സൂർ വിലായത്തിലെ റാസ് അൽ ഹദ്ദ് തീരത്ത് നിന്ന് 635 കിലോമീറ്റർ അകലെ വടക്കു കിഴക്കൻ അറബിക്കടലിലാണ് നിലവിൽ കാറ്റിന്റെ സ്ഥാനം.
'അസ്‌ന' ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 83.34 കിലോമീറ്റർ വരെയാണ്. ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മഴ മേഘങ്ങൾ റാസ് അൽ ഹദ്ദ് തീരത്ത് നിന്ന് 280 കിലോമീറ്റർ അകലെയാണുള്ളത്. ഞായറാഴ്ച വൈകിട്ട് മുതൽ മഴ തുടങ്ങാനാണിടയെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.
സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലും മസ്‌കത്ത്, തെക്ക്-വടക്ക് ഷർഖിയ ഗവർണറേറ്റുകളിലും അൽ വുസ്തയുടെ ഭാഗങ്ങളിലും മഴ ലഭിക്കും. 30 മില്ലീമീറ്റർ വരെ മഴക്കൊപ്പം 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുമുണ്ടാകാനിടയുണ്ട്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഒമാൻ കടലും അറബിക്കടലും പ്രക്ഷുബ്ധമായേക്കും. തിരമാലകൾ മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ഉയരാനിടയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുമിടയുണ്ട്. തീരത്ത് നിന്ന് ദിശമാറിയ ന്യൂനമർദം ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.
Adjust Story Font
16