Quantcast

മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയത്തിന് ഒരുങ്ങി ദോഫാർ ഗവർണറേറ്റ്

വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരദേശ പ്രദേശങ്ങൾ ഖരീഫ് സീസണിലേക്ക് കടക്കും

MediaOne Logo

Web Desk

  • Updated:

    2024-06-21 11:43:23.0

Published:

20 Jun 2024 12:12 PM GMT

മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയത്തിന് ഒരുങ്ങി ദോഫാർ ഗവർണറേറ്റ്
X

ദോഫാർ : മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയമായ ഖരീഫ് സീസണിന് നാളെ ദോഫാർ ഗവർണറേറ്റിൽ തുടക്കം. വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരദേശ പ്രദേശങ്ങൾ ഖരീഫ് സീസണിലേക്ക് കടക്കും. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള മൺസൂൺ കാറ്റിന്റെ ഫലമായി സെപ്തംബർ 21 വരെ സീസൺ തുടരും.

മിതമായ താപനിലയും മേഘാവൃതമായ അന്തരീക്ഷവും ഇടവേളകളിൽ മഴയും ഈ സീസണിന്റെ പ്രത്യേകതയാണ്. മൂടൽമഞ്ഞുള്ള ഉയർന്ന മലനിരകളിൽ തണുപ്പ് കൂടുതലായിരിക്കും. തുടർച്ചയായി പെയ്യുന്ന ചെറിയ മഴയുടെയും ഇടവിട്ടുള്ള ചാറ്റൽമഴയുടെയും ഫലമായി മലയോര പ്രദേശങ്ങളും സമതലങ്ങളും പച്ച പുതക്കും.ഇതൊക്കെയാണ് ദോഫാർ ഗവർണറേറ്റിനെ ഒമാനിലെ അകത്തും പുറത്തുമുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നത്.

മൺസൂൺ കാലം വരുമ്പോൾ സജീവമാകുന്ന നീരുറവകളും വെള്ളച്ചാട്ടങ്ങളും ദോഫാർ ഗവർണറേറ്റിലെ പ്രധാന ആകർഷണങ്ങളാണ്. ഇവ ഗവർണറേറ്റിൽ വ്യാപകമായി കാണപ്പെടുന്നു. ഐൻ റസാത്ത്, ഐൻ ഹംറാൻ, ഐൻ ഗെർസിസ്, ഐൻ ഷഹെൽനോത്ത്, തബ്രുക്ക് തുടങ്ങിയ നീരുറവകളിൽ ഈ കാലങ്ങളിൽ ജലനിരപ്പ് ഉയരും.അൽ-ഹൗത്ത,ദർബാത്ത്, ഐൻ അത്തൂം, ഐൻ കോർ, ജുജിബ് എന്നീ വെള്ളച്ചാട്ടങ്ങളാണ് സീസണിൽ ഏറ്റവും പ്രശസ്തമായത്.

കടൽത്തീരങ്ങൾ, മലനിരകൾ, കൃഷിയിടം, മരുഭൂമി എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ദോഫറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുരാവസ്തു, ചരിത്ര സ്ഥലങ്ങളും ഗവർണറേറ്റുകളിലുണ്ട്. പാർക്കുകൾ, ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് മ്യൂസിയം, റഖ്യുത്, തഖ, മിർബത്ത്, സദാ എന്നിവിടങ്ങളിലെ വിലായത്തുകളിലെ ചരിത്രപരമായ കോട്ടകൾ സീസണിലെ ആകർശണമാണ്.

സലാല നഗരത്തിലെ ഷോപ്പിംഗ് സെന്ററുകളും കടകളും ഈ സീസണിൽ സജീവമായ വാണിജ്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കും. സുഗന്ധ ദ്രവ്യങ്ങൾ, വെള്ളി ആഭരണങ്ങൾ, മൺപാത്രങ്ങൾ, ഒമാനി മിഠായികൾ തുടങ്ങിയ പരമ്പരാഗത വസ്തുക്കൾ വിൽക്കുന്ന കടകൾ സീസണിൽ സജീവമാകും. കൂടാതെ ഒമാനി ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകളിലും വലിയ തിരക്കാണ് ഈ സീസണിൽ കാണാറുള്ളത്.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സീസണിൽ എത്തിയ സഞ്ചാരികളുടെ എണ്ണം മുൻവർഷത്തേക്കാൾ 18.4 ശതമാനം അധികരിച്ച് 9,62,000 ആയി ഉയർന്നു. സഞ്ചാരികൾ 103 മില്യൺ ഒമാനി റിയാൽ സീസണിൽ ചിലവാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

TAGS :

Next Story