Quantcast

ദോഫാർ ഖരീഫ്: തുംറൈത്ത്, താഖ, മിർബാത്ത്, സദഹ് എന്നിവിടങ്ങളിൽ നിരവധി പരിപാടികൾ

ഖരീഫ് സീസൺ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    23 Jun 2024 12:33 PM GMT

Dhofar Khareef: Many events in Thamrait, Taqah, Mirbat and Sadah
X

സലാല: ദോഫാറിലെ ഖരീഫ് സീസണുമായി ബന്ധപ്പെട്ട് തുംറൈത്ത്, താഖ, മിർബാത്ത്, സദഹ് എന്നിവിടങ്ങളിൽ നിരവധി പരിപാടികൾ നടക്കും. സംസ്‌കാരം, കായികം, വിനോദം എന്നീ മേഖലകളിലാണ് പരിപാടികൾ നടക്കുക. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റിൽ പ്രത്യേക അന്താരാഷ്ട്ര പ്രദർശനവും നടക്കും.

സ്പോർട്സ്, വിനോദം, എന്നീ തലങ്ങളിലായി പുതിയതും വൈവിധ്യമാർന്നതുമായ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരം ലഭിക്കുമെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവേർനെസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗവാസ് പറഞ്ഞു.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലൂടെയുള്ള ഗെയിമുകൾ ഐടിൻ സ്‌ക്വയറിലുണ്ടാകും. പ്രദേശത്തെ തിയറ്ററിൽ നിരവധി അന്താരാഷ്ട്ര പ്രകടനങ്ങൾ പ്രദർശിപ്പിക്കും. ലൈറ്റിംഗ് ഷോകൾ, ലേസർ ഫൗണ്ടൻ ഷോകൾ, ഡ്രോൺ ഷോകൾ എന്നിവയും സന്ദർശകർക്ക് ആസ്വദിക്കാനാകും.

സലാല പബ്ലിക് പാർക്ക് കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. കൂടാതെ ഖരീഫ് സീസണിൽ കായിക മത്സരങ്ങൾക്കായി സ്‌പോർട്‌സ് പിച്ചുകൾ അനുവദിക്കും.

സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂർ വീണ്ടും തിരിച്ചെത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100ലധികം സൈക്ലിസ്റ്റുകളെ പങ്കെടുപ്പിച്ച് നാല് ഘട്ടങ്ങൾ ഉൾപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര സൈക്ലിംഗ് ഫെഡറേഷന്റെ ഔദ്യോഗിക രജിസ്‌ട്രേഷനും അംഗീകാരവും ലഭിച്ചതിന് ശേഷമാണ് സൈക്ലിംഗ് ടൂർ തിരിച്ചെത്തുന്നത്.

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ ഇവന്റുകൾ 'സെലിബ്രേഷൻസ് സ്‌ക്വയറിൽ' നടക്കും. ദോഫാർ ഇന്റർനാഷണൽ ഡ്രാഗ് റേസ് ചാമ്പ്യൻഷിപ്പ് ജിസിസി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മിർബത്തിലെ വിലായത്തിലെ അൽ ദമർ ബീച്ചിൽ നടക്കും.

സമ്മാനമൂല്യവും പങ്കെടുക്കുന്നവരുടെ എണ്ണവും പരിഗണിക്കുമ്പോൾ പരമ്പരാഗത ഷൂട്ടിംഗ് ഈ വർഷത്തെ ഏറ്റവും വലിയ മത്സരമായിരിക്കും.

ഉഖാദ് പബ്ലിക് പാർക്കിലെ 'കിഡ്ഡി ടൈം' കുട്ടികളെ വിസ്മയിപ്പിക്കും. രാജ്യാന്തര ആനിമേഷൻ ഷോകൾ, കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ എന്നിവ ഇതിന്റെ ഭാഗമാകും. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പ്രതിവാര സ്‌പോർട്‌സ് ഇവന്റുകൾക്കായി സലാല പബ്ലിക് പാർക്കിൽ ഇടം അനുവദിച്ചിട്ടുണ്ട്. വിവിധ പ്രായക്കാർക്ക് യോജിച്ച നിരവധി ഇലക്ട്രിക്, എയർ ഗെയിമുകൾ അപ്ടൗൺ എന്റർടൈൻമെന്റ് സിറ്റിയിലുണ്ടാകും.

നഗരം, ഗ്രാമം, ബദവികൾ, സമുദ്രം, കാർഷികം എന്നിവയുൾപ്പെടെ ദോഫാറിന്റെ വ്യത്യസ്ത ചുറ്റുപാടുകൾ 'റിട്ടേൺ ടു ദി പാസ്റ്റ് വില്ലേജിൽ' വിവിധ പരിപാടികളിലൂടെ അനുഭവിക്കാനാകും. ഒമാന്റെ സംസ്‌കാരം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ നടക്കും. ഒമാനകത്തും പുറത്തും നിന്നുള്ള നാടക ടീമുകളുടെ പങ്കാളിത്തത്തോടെ ദോഫാർ രാജ്യാന്തര തിയറ്റർ ഫെസ്റ്റിവൽ അരങ്ങേറും.

TAGS :

Next Story