Quantcast

ദുബൈ സന്ദർശക വിസ നിയമം: പ്രതിസന്ധിയിലായി വിസ മാറ്റത്തിനായി ഒമാനിലെത്തിയവർ

ടൂറിസ്റ്റ്, സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും അപ്‌ലോഡ് ചെയ്യണമെന്നാണ് ദുബൈ ഇമിഗ്രേഷൻ അധികൃതരുടെ നിർദേശം

MediaOne Logo

Web Desk

  • Published:

    24 Nov 2024 4:25 PM GMT

Dubai Visitor Visa Rule: Those who came to Oman for visa change are in crisis
X

മസ്‌കത്ത്: ദുബൈയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ, വിസ മാറ്റത്തിനായി ഒമാനിലെത്തിയവർ പ്രതിസന്ധിയിലായി. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ഒമാനിലെത്തിയ നിരവധിപേരാണ് തിരിച്ചുപോവാനാവാതെ കുടുങ്ങിയത്.

ടൂറിസ്റ്റ്, സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും അപ്‌ലോഡ് ചെയ്യണമെന്നാണ് ദുബൈ ഇമിഗ്രേഷൻ അധികൃതരുടെ നിർദേശം. ക്യു.ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളോ ആണ് നൽകേണ്ടത്. കൂടാതെ മടക്ക യാത്രക്കുള്ള ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണം. ട്രാവൽ ഏജൻസികൾക്കാണ് ഇതുസംബന്ധിച്ച് ദുബൈ ഇമിഗ്രേഷൻ അറിയിപ്പ് നൽകിയത്. മതിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ വിസക്കായുള്ള അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യും. ഒമാനിൽ സന്ദർശക വിസയിലെത്തി തൊഴിൽ വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികളെയാണ് പുതിയ തീരുമാനം ഏറെ പ്രയാസത്തിലാക്കിയത്. ദുബൈയിലേക്ക് തിരിച്ചുപോകാനാകാതെ ഇങ്ങനെ നിരവധിപേർ ഒമാനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.

സന്ദർശക വിസ കാലാവധി കഴിഞ്ഞവർ, എക്‌സിറ്റ് അടിച്ച് ഒമാനടക്കമുള്ള രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എടുത്ത് യു.എ.ഇയിലേക്ക് തിരിച്ചെത്തുകയായിരുന്നു ഇതുവരെ. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കൂടുതലായതിനാലാണ് ഇങ്ങനെ എക്‌സിറ്റ് അടിക്കാനായി ജി.സി.സി രാജ്യങ്ങൾ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ദുബൈ ഇമിഗ്രേഷൻ അധികൃതർ നിയമം കർശനമാക്കിയതോടെ ഇങ്ങനെ എത്തിയവർ വെട്ടിലായി. ഒമാനിൽ സന്ദർശക വിസയിൽനിന്ന് തൊഴിൽ വിസയിലേക്ക് മാറണമെങ്കിൽ രാജ്യത്തിന് പുറത്തേക്ക് പോകണം. കുറഞ്ഞ ചെലവും ബസ് അടക്കമുള്ള യാത്ര സൗകര്യവും കണക്കിലെടുത്ത് വിസ മാറാനായി പലരും ദുബൈ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. പുതിയ തീരുമാനം ഇത്തരക്കാർക്കും തിരിച്ചടിയാണ്.

TAGS :

Next Story