ഇന്ത്യ-പാക് ഫൈനലിന് കളമൊരുങ്ങുമോ? എമർജിംഗ് ടീംസ് ഏഷ്യാ കപ്പിൽ നാളെ സെമി ഫൈനൽ പോരാട്ടങ്ങൾ
ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നാളെ ഉച്ചക്ക് ശേഷമാണ് സെമി പോരാട്ടങ്ങൾ
മസ്‌കത്ത്: മസ്‌കത്തിൽ നടക്കുന്ന എമർജിംഗ് ടീംസ് ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്താൻ ഫൈനൽ കാണാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. നാളെ നടക്കുന്ന സെമി ഫൈനലുകളിൽ പാകിസ്താൻ ലങ്കയെ പരാജപ്പെടുത്തുകയും ഇന്ത്യ അഫ്ഗാൻ കടമ്പ കടക്കുകയും ചെയ്താൽ ക്രിക്കറ്റ് ആരാധകരുടെ സ്വപ്ന ഫൈനലിന് ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് വേദിയാകും. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് റൺസിന് തോൽപിച്ച് കരുത്ത് തെളിയിച്ചതാണ്. ഒറ്റ കളിയും തോൽക്കാതെയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമി ബെർത്ത് നേടിയത്. പാകിസ്താനാവട്ടെ ഇന്ത്യയോട് തോറ്റതൊഴിച്ചാൽ മറ്റു മത്സരങ്ങൾ അനായാസം ജയിച്ചു കയറുകയും ചെയ്തു. ഇന്ത്യ- പാക് ഫൈനലിനായാണ് ഒമാനിലെ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നതും.
മറ്റു മത്സരങ്ങൾക്കില്ലാത്ത ആരാധക പ്രവാഹം ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഇന്ത്യ- പാക് മത്സര സമയത്ത് ഉണ്ടാകാറുണ്ട്. പവലിയനിൽ ഇന്ത്യ- പാക് ആരാധകർ ഒരുമിച്ചിരുന്ന് തങ്ങളുടെ ടീമിന് അഭിവാദ്യം അർപ്പിക്കുന്നത് മനോഹര കാഴ്ചയാണ്. കൂട്ടത്തിൽ കോഹ്‌ലിയുടെ കടുത്ത ആരാധകരായ പാക് ആരാധകരുമുണ്ട്.
നാളെ നടക്കുന്ന രണ്ട് സെമിഫൈനലുകളിൽ ശ്രീലങ്കയെ പാകിസ്താൻ പാരജയപ്പെടുത്തുകയും ഇന്ത്യ- അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്താൽ പിന്നെ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാക് ഫൈനലാണ്. അങ്ങനെ സംഭവിച്ചാൽ 5100 കാണികളെ ഉൾകൊള്ളുന്ന പവലിയൻ വീർപ്പുമുട്ടുമെന്ന് ഉറപ്പാണ്. ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് വീണ്ടും ഇന്ത്യ- പാക് ആരാധകരുടെ ആരവങ്ങൾ കൊണ്ട് നിറയും.
Adjust Story Font
16