പൊതുസ്ഥലത്ത് പ്രാവുകൾക്ക് തീറ്റ: നിയന്ത്രണവുമായി മസ്‌കത്ത് നഗരസഭ
പൊതുസ്ഥലത്ത് പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് സംബന്ധമായി പൊതുജനങ്ങളുടെ അഭിപ്രായം നഗരസഭ തേടിയിരുന്നു
മസ്കത്ത്: നഗരപ്രദേശങ്ങളിൽ പ്രാവുകൾക്കും മറ്റും ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളും നൽകുന്നതിൽ നിയന്ത്രണവുമായി മസ്‌കത്ത് നഗരസഭ. പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോർഡ് മസ്‌കത്ത് നഗരസഭ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചു.
റൂവി, അൽ ഖുവൈർ, മസ്‌കത്ത്, വാദി കബീർ, ബൗശർ, ഗുബ്ര, സീബ് തുടങ്ങി തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ പക്ഷികൾക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ നൽകുന്നത് സാധാര കാഴ്ചയാണ്. പ്രാവുകളാണ് ഇത്തരത്തിൽ തീറ്റ തേടി എത്തുന്നവരിൽ ഭൂരിഭാഗവും. ചിലയിടങ്ങളിൽ ചെറു സംഘങ്ങളായാണ് പക്ഷികളെത്തുന്നതെങ്കിൽ റൂവിയിലെ മസ്‌കത്ത് സെക്യൂരിറ്റി മാർക്കറ്റിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് വലിയ എണ്ണം പ്രാവുകളെ കാണാം. സ്വദേശികളും വിദേശികളും ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളുമായി എത്താറുണ്ട്.
പൊതുസ്ഥലത്ത് പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് സംബന്ധമായി പൊതുജനങ്ങളുടെ അഭിപ്രായം നഗരസഭ തേടിയിരുന്നു. ട്വിറ്റർ വഴിയാണ് മസ്‌കത്ത് നഗരസഭ ആളുകളുടെ നിലപാട് തേടിയത്. ചിലർ അനുകൂലിച്ചും മറ്റു ചിലർ എതിർപ്പും രേഖപ്പെടത്തി. പൊതു സ്ഥലങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നത് പൊതുജന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം മേഖലകൾക്ക് ചുറ്റും താമസിക്കുന്നവർക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്.
Adjust Story Font
16