Quantcast

ആധുനിക ഒമാന്റെ ശിൽപി; സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വർഷം

MediaOne Logo

Web Desk

  • Published:

    10 Jan 2025 1:57 PM GMT

ആധുനിക ഒമാന്റെ ശിൽപി; സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വർഷം
X

മസ്‌കത്ത്: ആധുനിക ഒമാന്റെ ശിൽപി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വർഷം. 1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽ പോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ. മലമടക്കുകൾ നിറഞ്ഞ തീർത്തും അവികസിതവും ദരിദ്രവുമായ ഒരു രാജ്യം. ഗോത്രവർഗ കലാപങ്ങൾ അവസാനിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയത്. സുൽത്താനേറ്റ് ഓഫ് മസ്‌കത്തിനെ സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി മാറ്റി. രാജ്യത്തിന്റെ എണ്ണ സമ്പത്ത് വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി ഉപയോഗിച്ചു. ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ചക്കാണ് പിന്നീടുള്ള അമ്പത് വർഷകാലം ഒമാൻ സാക്ഷ്യം വഹിച്ചത്.

അധികാരമേൽക്കുമ്പോൾ തലസ്ഥാനമായ മസ്‌കത്തിൽ ഏഴു കിലോമീറ്റർ മാത്രമാണ് ടാർ ചെയ്ത റോഡ് ഉണ്ടായിരുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച റോഡ് ഗതാഗത ശൃംഖലയുള്ള രാജ്യമാണ് ഒമാൻ. സ്‌കൂളുകൾ, ആശുപത്രികൾ, യൂണിവേഴ്‌സിറ്റികൾ, വ്യവസായ ശാലകൾ അങ്ങനെ അടിസ്ഥാന സൗകര്യത്തിലും വിദ്യാഭ്യാസത്തിനും പൗരന്മാരുടെ ആരോഗ്യ സുരക്ഷക്കും ഊന്നൽ നൽകി. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകൾക്ക് അദ്ദേഹം തുല്യ പദവി നൽകി. അയൽപക്ക ബന്ധങ്ങളിലും അറബ് മേഖലയിൽ തന്നെ സുൽത്താൻ ഖാബൂസ് വേറിട്ട മുഖമായി. ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലർത്തി പോന്നിരുന്നു സുൽത്താൻ ഖാബൂസ്. പശ്ചിമേഷ്യൻ സമാധാനത്തിനു അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി മഹാത്മാ ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും ശൈഖ മസൂൺ അൽ മഷാനിയുടെയും ഏക മകനായി 1940 നവംബർ 18ന് സലാലയിലാണ് സുൽത്താൻ ഖാബൂസ് ജനിച്ചത്. സലാലയിലും ഇന്ത്യയിലെ പൂനെയിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിൽ സുൽത്താൻ ഖാബൂസിന്റെ പാത തന്നെയാണ് പിന്തുടരുന്നത്.

TAGS :

Next Story