സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാൻ ഭരണാധികാരിയായി ചുമതലയേറ്റിട്ട് ഇന്നേക്ക് അഞ്ചാണ്ട്
ദേശീയ ദിനം ഇനി മുതൽ നവംബർ 20ന്
മസ്‌കത്ത്: സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാൻ ഭരണാധികാരിയായി ചുമതലയേറ്റിട്ട് ഇന്നേക്ക് അഞ്ചാണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകാൻ ഗവർണറേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുമെന്ന് സുൽത്താൻ പറഞ്ഞു. സ്ഥാനാരോഹരണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ൽ ജനുവരി 11ന് സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരത്തിലെത്തുന്നത്. ചുമതലയേറ്റ് ഇന്നേക്ക് അഞ്ചാണ്ട് പിന്നിടുമ്പോൾ ലോകത്തോടൊപ്പം സഞ്ചരിക്കാനായി ഒമാനെ അദ്ദേഹം മാറ്റിയെടുത്തിട്ടുണ്ട്. എണ്ണ വിലയിലുണ്ടായ വർധനവ് സാമ്പത്തിക രംഗത്ത് നവോന്മേഷമാണ് കഴിഞ്ഞ വർഷങ്ങളിൽ ഒമാന് പകർന്ന് നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും എണ്ണ ഇതര വരുമാനം വർധിപ്പിക്കാനും സമ്പദ്വ്യവസ്ഥയുടെ ഉൽപാദന അടിത്തറ വികസിപ്പിക്കാനുമുള്ള ശ്രമങ്ങളായിരുന്നു സുൽത്താൻ നടത്തിയിരുന്നത്. ഈ ശ്രമങ്ങൾ ജി.ഡി.പി വളർച്ചയെ പിന്തുണക്കുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും കാരണമായി. ഇത് സമ്പദ്വ്യവസ്ഥയിൽ ശ്രദ്ധേയമായ വളർച്ച കൈവരിക്കാൻ സാധിക്കുകയും ചെയ്തു.
നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയടക്കമുള്ള വമ്പൻ പദ്ധതികൾ വരും കാലങ്ങളിൽ ഒമാന്റെ വികസനത്തിന്റെ തിലകക്കുറിയായി മാറും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ നയിക്കുന്ന സാമ്പത്തിക കേന്ദ്രങ്ങളാക്കാൻ ഗവർണറേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുമെന്ന വലിയ പ്രഖ്യാപനം സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികത്തിൽ സുൽത്താൻ നടത്തി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ നയിക്കുന്ന കേന്ദ്രങ്ങൾ എന്നാണ് ഗവർണറേറ്റുകളെ അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20 ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16