പോർട്ട് ഓഫ് സലാല മുൻ മെഡിക്കൽ ഡയറക്ടർ ഡോ: അമാനുല്ലാഹ് നിര്യാതനായി
മുപ്പത്തിയഞ്ച് വർഷത്തോളം ഒമാനിലെ ആരോഗ്യമേഖലയിൽ പ്രവർത്തിച്ച ഇദ്ദേഹം സ്വദേശികൾക്കും പ്രവാസികൾക്കുമിടയിൽ ജനകീയനായിരുന്നു.
സലാല: പോർട്ട് ഓഫ് സലാലയുടെ മുൻ മെഡിക്കൽ ഡയറക്ടറായിരുന്ന ഷൈഖ് മുഹ്‌യുദ്ദീൻ അമാനുല്ലാഹ് ( 72 ) നാട്ടിൽ നിര്യാതനായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഇദ്ദേഹം കോയമ്പത്തൂരാണ് സ്ഥിര താമസം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് മരണം. മുപ്പത്തിയഞ്ച് വർഷത്തോളം ഒമാനിലെ ആരോഗ്യമേഖലയിൽ പ്രവർത്തിച്ച ഇദ്ദേഹം സ്വദേശികൾക്കും പ്രവാസികൾക്കുമിടയിൽ ജനകീയനായിരുന്നു. ആരോഗ്യ മന്ത്രാലയത്തിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. സൗജന്യ മെഡിക്കൽ ക്യാമ്പുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഇദ്ദേഹം. ഈ വർഷം മസ്‌കത്തിലെ ലൈഫ് ലൈൻ ആശുപത്രിയിൽ നിന്ന് മെഡിക്കൽ ഡയറക്ടറായാണ് വിരമിച്ചത്.
സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് തമിഴ് വിംഗ് കൺവീനറായിരുന്നു. പ്രവാസികളെ സഹായിക്കുന്നതിൽ എന്നും മുന്നിലുണ്ടായിരുന്ന ഡോ: അമാനുല്ലയുടെ നിര്യാണത്തിൽ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ നജ്മുന്നിസ. മകൻ ഡോ: കാമിൽ സുബൈർ തിരുവനന്തപുരം കിംസിൽ ഇന്റേണൽ മെഡിസിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. സൈന്റിസ്റ്റായ മകൾ ലുബ്‌ന അനീസ് യു.കെയിൽ ലക്ചററാണ്. മ്യതദേഹം വ്യാഴാഴ്ച ഉച്ചയോടെ കോയമ്പത്തൂർ പൂമാർക്കറ്റ് മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Adjust Story Font
16