Quantcast

ഖസബിലെ ടെലിഗ്രാഫ് ഐലൻഡ് വികസന പദ്ധതിക്ക് തറക്കല്ലിട്ടു

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആധുനിക ടെലികമ്മ്യൂണിക്കേഷൻ ലൈനിന്റെ പരീക്ഷണ കേന്ദ്രമായിരുന്നു ദ്വീപ്

MediaOne Logo

Web Desk

  • Published:

    5 Jun 2024 6:12 AM GMT

Foundation stone laid for Telegraph Island development project in Khasab
X

ഖസബ്: ഒമാനിലെ ഖസബ് വിലായത്തിൽ ചരിത്രപ്രസിദ്ധമായ ടെലിഗ്രാഫ് ഐലൻഡ് (ജസീറത്ത് മഖ്ലബ്) വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തറക്കല്ലിട്ടു. ചൊവ്വാഴ്ച മുസന്ദം ഗവർണറേറ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. മുസന്ദം മുനിസിപ്പാലിറ്റി, ഒക്യു കമ്പനി, ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മുസന്ദം ഗവർണറുടെ ഓഫീസാണ് പരിസ്ഥിതി ടൂറിസം പദ്ധതി നടപ്പാക്കുന്നത്. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം സെയ്ദ് അൽ ബുസൈദിയുടെ കാർമികത്വത്തിലായിരുന്നു തറക്കല്ലിടൽ ചടങ്ങ്.

130 ചതുരശ്ര മീറ്റർ പബ്ലിക് സർവീസ് ബിൽഡിംഗിനൊപ്പം 731 ചതുരശ്ര മീറ്റർ മൾട്ടി പർപ്പസ് ഹാൾ, സീ ലാൻഡിംഗ് പ്ലാറ്റ്ഫോം (8x2.5 മീറ്റർ), ദീപിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള മൗണ്ടെയ്ൻ വാക്ക് വേ എന്നിവയുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. ദ്വീപിന് ചുറ്റുമുള്ള ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളെ അഭിമുഖീകരിക്കുന്ന രണ്ട് ഫോട്ടോഗ്രഫി ഇടങ്ങൾ, തണൽ നൽകുന്ന ഏരിയ, ഗാർഡ് റൂം, വൈദ്യുതി ജനറേറ്ററുകൾക്കും ഇന്ധന ടാങ്കുകൾക്കുമുള്ള കെട്ടിടം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആധുനിക ടെലികമ്മ്യൂണിക്കേഷൻ ലൈനിന്റെ പരീക്ഷണ കേന്ദ്രമായിരുന്നു ഈ ദ്വീപ്. ഇന്ത്യൻ ഭൂഖണ്ഡത്തിലെ മുംബൈ നഗരം മുതൽ ഇറാഖിലെ ബസറ നഗരം വരെ നീളുന്ന കടൽ കേബിൾ മുഖേനയാണ് ഈ പേര് ലഭിച്ചത്. 1864ലാണ്‌ ഈ ദ്വീപ് ട്രാൻസ്മിഷൻ സ്റ്റേഷനായി മാറിയത്. സുൽത്താൻ തുവൈനി ബിൻ സെയ്ദ് ബിൻ സുൽത്താൻ അൽ ബുസൈദി ബ്രിട്ടീഷ് ഗവൺമെന്റിന് രേഖാമൂലം അനുമതി നൽകിയതോടെയാണ് സ്റ്റേഷൻ സ്ഥാപിച്ചത്. സ്‌റ്റേഷൻ സ്ഥാപിക്കപ്പെട്ടതോടെ പ്രദേശത്ത് ആധുനിക ആശയവിനിമയ പ്രസ്ഥാനം പിറന്നു. വിനോദസഞ്ചാരികളെയും സാഹസികരെയും ആകർഷിക്കുന്ന ടെലിഗ്രാഫ് ദ്വീപിലേക്ക് കൂടുതൽ പദ്ധതികളെത്തുന്നത് വിനോദ സഞ്ചാരം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

TAGS :

Next Story