ഒമാനിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്; അറബ് പൗരൻ പിടിയിൽ
വിവിധ മാർഗങ്ങൾ ഉപയോഗിച്ച് വ്യക്തിഗത ബാങ്കിങ് വിവരങ്ങൾ ചോർത്തിയാണ് വ്യാപകമായി തട്ടിപ്പ് നടക്കുന്നത്
മസ്‌കത്ത്: ഒമാനിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി വ്യാജ വെബ്‌സൈറ്റ് വഴി ബാങ്ക് ആക്കൗണ്ട് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പിന് ശ്രമിച്ചത്. തട്ടിപ്പുകൾക്കെതിരെ ആർ.ഒ.പിയും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽപെടുന്നവരുടെ എണ്ണം കൂടുകയാണ്
വിവിധ മാർഗങ്ങൾ ഉപയോഗിച്ച് വ്യക്തിഗത ബാങ്കിങ് വിവരങ്ങൾ ചോർത്തിയാണ് ഒമാനിൽ തട്ടിപ്പ് വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ ദിവസം വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനാണ് റോയൽ ഒമാൻ പൊലീസിന്റെ വലയിലായത്. ജനറൽ ഡിപ്പാർട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഔദ്യോഗിക സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ആളുകളുടെ ബാങ്ക്-വ്യക്തിഗത വിവരങ്ങൾ ചോർത്തി അക്കൗണ്ടിൽനിന്നും പണം തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം.
ബാങ്ക് ജീവനക്കരെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ആറു പേരെ ദിവസങ്ങൾക്ക് മുമ്പ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പിഴ ഉടൻ അടക്കണമെന്നും ബാങ്കിങ് വിവരങ്ങൾ കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പലർക്കും ലഭിച്ചിരുന്നു. പിഴയായി അടക്കേണ്ട തുകയും ഓൺലൈൻ ലിങ്കും ഉൾപ്പെടെയാണ് സംഘം ഇരകളെ വല വീശിപ്പിടിക്കാനായി സന്ദേശമയച്ചത്.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അർഹനായിരിക്കുന്നുവെന്നും നിങ്ങൾക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നൽകണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പാണ് മറ്റൊന്ന്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്കും സന്ദേശങ്ങൾക്കും കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
Adjust Story Font
16