2025ലും ആഗോള വിമാന യാത്രാനിരക്കുകൾ വർധിച്ചേക്കും
ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക റൂട്ടുകളിൽ 2% മുതൽ 14% വരെ നിരക്ക് വർധിച്ചേക്കുമെന്ന് വിദഗ്ധർ
മസ്‌കത്ത്: വർധിച്ചുവരുന്ന ഇന്ധനച്ചെലവ്, പണപ്പെരുപ്പം, യാത്രക്കാരുടെ വർധനവ് എന്നിവ മൂലം 2025-ൽ ആഗോളതലത്തിൽ വിമാന യാത്രാ നിരക്കുകൾ ഉയരുമെന്ന് പ്രവചനം. ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര റൂട്ടുകളിൽ 2% മുതൽ 14% വരെ നിരക്ക് വർധനവ് ഉണ്ടാകുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു.
എയർലൈൻ പ്രവർത്തന ചെലവിന്റെ പ്രധാന ഭാഗമായ ഇന്ധനവില 2020-ന് മുമ്പുള്ള നില മറികടക്കുമെന്ന് പ്രവചിക്കപ്പെടുന്നു. പണപ്പെരുപ്പവും തൊഴിലാളി ക്ഷാമവും അടക്കമുള്ള ഘടകങ്ങൾ എയർലൈൻ ബജറ്റുകളെ ബുദ്ധിമുട്ടിലാക്കുന്നു, ഇത് നിരക്ക് ക്രമീകരണങ്ങളിലേക്ക് നയിക്കുന്നു.
മിഡിൽ ഈസ്റ്റിൽ എമിറേറ്റ്‌സ്, ഖത്തർ എയർവേയ്സ്, ഇത്തിഹാദ് എയർവേയ്സ് തുടങ്ങിയ പ്രധാന വിമാനക്കമ്പനികൾ ദീർഘദൂര വിമാനങ്ങൾക്ക് മിതമായ നിരക്ക് വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലും പ്രീമിയം സേവനങ്ങൾ നൽകുന്നതിലും വൻതോതിൽ നിക്ഷേപം നടത്തി വരികയാണ് ഈ എയർലൈനുകൾ. യുഎഇ വിമാനക്കമ്പനികൾ വർഷം തോറും പ്രീമിയം ക്യാബിൻ ബുക്കിംഗുകളിൽ 18% വർധനവ് റിപ്പോർട്ട് ചെയ്തുവരികയാണ്.
എയർ അറേബ്യ, ഫ്‌ളൈ ദുബൈ തുടങ്ങിയ ലോ കോസ്റ്റ് വിമാനക്കമ്പനികൾ നിരക്ക് വർധനവ് താരതമ്യേന മിതമായി നിലനിർത്തിവരികയാണ്. പക്ഷേ ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവ് കൂടുതൽ നിരക്ക് ക്രമീകരണങ്ങൾക്ക് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.
ടിക്കറ്റ് വില കുതിച്ചുയരുമ്പോൾ രക്ഷ നേടാനുള്ള തന്ത്രങ്ങൾ:
- ടിക്കറ്റ് നിരക്കിൽ 20% വരെ ലാഭം നേടാൻ 2-3 മാസം മുമ്പ് ടിക്കറ്റുകൾ റിസർവ് ചെയ്യുക.
- ആപ്പുകളിലൂടെയും മറ്റു വഴികളിലൂടെയും നിരക്കിലെ മാറ്റങ്ങൾ നിരീക്ഷിക്കുക
- ആഴ്ചയുടെ മധ്യത്തിലെ യാത്രയോ ലേഓവറോ ചെലവ് കുറയ്ക്കും
- ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളും എയർലൈൻ ലോയൽറ്റി പ്രോഗ്രാമുകളും വർധിത ചെലവുകൾ കുറയ്ക്കാൻ സഹായിക്കും.
- മികച്ച ഡീലുകൾക്കായി ജനപ്രിയമല്ലാത്ത റൂട്ടുകളോ സെക്കൻഡറി വിമാനത്താവളങ്ങളോ തിരഞ്ഞെടുക്കുക.
സുസ്ഥിരത നേടാനുള്ള വ്യോമയാന വ്യവസായത്തിന്റെ മാറ്റവും ടിക്കറ്റ് നിരക്കുകളെ സ്വാധീനിച്ചുവരികയാണ്. സുസ്ഥിര വ്യോമയാന ഇന്ധനം (SAF), കാർബൺ-ഓഫ്സെറ്റ് പ്രോഗ്രാമുകൾ എന്നിവയിലെ നിക്ഷേപങ്ങൾ ക്രമേണ നിരക്ക് ഘടനകളിൽ പ്രതിഫലിക്കുന്നു. പരിസ്ഥിതി സൗഹൃദ ഓപ്ഷനുകൾക്കായി പ്രീമിയം നിരക്ക് അടയ്ക്കാൻ തയാറുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. അതേസമയം, എയർലൈനുകൾ 'ഗ്രീൻ' ടിക്കറ്റ് ശ്രേണികളടക്കമുള്ള സംവിധാനങ്ങൾ അവതരിപ്പിക്കുകയുമാണ്.
Adjust Story Font
16