Quantcast

വയനാട് ദുരന്തം; സർക്കാർ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം: പ്രവാസി വെൽഫെയർ സലാല

പ്രവാസി വെൽഫെയർ അഭ്യുദയകാംക്ഷികളുടെ പങ്കാളിത്തത്തോടുകൂടി സഹായങ്ങൾ ലഭ്യമാക്കുമെന്ന് ജനറൽ സെക്രട്ടറി സജീബ് ജലാൽ

MediaOne Logo

Web Desk

  • Published:

    3 Aug 2024 2:49 PM GMT

Govt should announce relief package for Wayanad disaster victims: Pravasi Welfare Salala
X

സലാല: മഹാദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങളുടെ പുനഃരധിവാസത്തിനും ഉപജീവനത്തിനും ചികിത്സക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമായി കേരള സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് പ്രവാസി വെൽഫെയർ സലാല ആവശ്യപ്പെട്ടു. സലാല ഐഡിയൽ ഹാളിൽ കൂടിയ വർക്കിംഗ് കമ്മിറ്റി യോഗം ദുരന്തത്തിൽ ദുഃഖവും മരണപ്പെട്ടവർക്കായി അനുശോചനവും രേഖപ്പെടുത്തി.

കേന്ദ്രസർക്കാർ ഈ സംഭവത്തെ ദേശീയ ദുരന്തമായോ മഹാദുരന്തമായോ പ്രഖ്യാപിക്കണം. അതുവഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിനുള്ള അവസരം ഒരുക്കണം. കേന്ദ്രസർക്കാർ വിഷയത്തെ അനുഭാവപൂർവ്വം കാണുകയും കേരളത്തിനായി ആയിരം കോടിയുടെ പ്രത്യേക സഹായം അനുവദിക്കുകയും വേണം.

വയനാട് ദുരന്തം മുൻനിർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങൾ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി തന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ധനവിനിയോഗം സുതാര്യമാക്കുകയും ചെയ്യണം. ആവശ്യമെങ്കിൽ അതിനായി പ്രത്യേക അക്കൗണ്ട് തന്നെ തുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രവാസി വെൽഫെയർ അഭ്യുദയകാംക്ഷികളുടെ പങ്കാളിത്തത്തോടുകൂടി സഹായങ്ങൾ ലഭ്യമാക്കുമെന്ന് ജനറൽ സെക്രട്ടറി സജീബ് ജലാൽ പറഞ്ഞു.

ദുരന്ത ഭൂമിയിൽ വിശ്രമരഹിതരായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർവഹിച്ചുവരുന്ന ടീം വെൽഫെയറിന്റേയും മറ്റും സംഘടനകളുടേയും വളണ്ടിയേഴ്‌സിനും വിവിധ സർക്കാർ സംവിധാനങ്ങൾക്കും യോഗം അഭിനന്ദനങ്ങൾ നേർന്നു.

പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. തസ്രീന ഗഫൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര, വഹീദ് ചേന്ദമംഗലൂർ, കെ. സൈനുദ്ദീൻ, സബീർ പി.ടി തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story