ഹഫീത് റെയിൽ; ഒമാൻ -യു.എ.ഇ റെയിലിന് പുതിയ പേര്
ഒമാനും യു.എ.ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ചാണ് പേര്
അബുദാബി/ മസ്‌കത്ത്: ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സി(യു.എ.ഇ)നുമിടയിലുള്ള റെയിൽ നെറ്റ്‌വർക്കിന് പുതിയ പേര്. ഒമാനും യു.എ.ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ച് ഹഫീത് റെയിലെന്നാണ് പേരിട്ടിരിക്കുന്നത്. ചൊവ്വാഴ്ച അവസാനിച്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യുഎഇ സന്ദർശനത്തിനിടെയാണ് പേര് പുറത്തുവിട്ടത്. ജബൽ ഹഫീതിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതാണ് ഈ നാമകരണം.
ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയാണ് സുഹാർ തുറമുഖത്തെ യു.എ.ഇ നാഷണൽ റെയിൽ നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല പ്രവർത്തിപ്പിക്കുക. ആകെ മൂന്ന് ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിക്കായി നടത്തുന്നത്. സംയുക്ത റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് കരാറുകൾ ചൊവ്വാഴ്ച അബൂദബിയിൽവെച്ച് ഒപ്പുവച്ചിട്ടുണ്ട്.
ഒമാൻ സുൽത്താന്റെ സന്ദർശനത്തിനിടെ സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി കരാറുകളിൽ ഒമാനും യുഎഇയും ഒപ്പുവച്ചു. പുനരുപയോഗ ഊർജം, ഗ്രീൻ മെറ്റലുകൾ, റെയിൽവേ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെക്‌നോളജി നിക്ഷേപങ്ങൾ എന്നീ മേഖലകളിലാണ് കരാറുകൾ.
Adjust Story Font
16