ഒമാനിൽ കനത്തമഴ; ഇബ്രിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനിൽ കനത്തമഴ തുടരുന്നു. ഇബ്രിയിലെ വാദിയിൽ അകപ്പെട്ട് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വടക്കൻ ഗവർണറേറ്റുകളിൽ കനത്തമഴയാണ് തുടരുന്നത്. ശക്തമായ കാറ്റും ഇടിയും ആലിപ്പഴ വർഷവുമുണ്ടായി. വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കപ്പൽയാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വാദി നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഇസ്‌കി- സിനാവ് റോഡിൽ ഗതാഗതം സ്തംഭിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, തെക്കൻ ബാത്തിന, മസ്‌കത്ത്, ദാഖിലിയ, തെക്ക്- വടക്ക് ശർഖിയ ഗവർണറേറ്റുകളിലാണ് മഴ ലഭിച്ചത്. 20 മുതൽ 50 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽത്തീരങ്ങളിലും രണ്ട് മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. മഴ കിട്ടിയ മസ്കത്തടക്കമുള്ള സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
Adjust Story Font
16